സില്‍ക്യാര രക്ഷാദൗത്യം നീളും; കരസേനയും രംഗത്ത്‌

November 27, 2023
35
Views

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ രണ്ടാഴ്‌ച പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തിനു തടസമായി

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ രണ്ടാഴ്‌ച പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തിനു തടസമായി അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഡ്രില്ലിങ്‌ മെഷീന്റെ ബ്ലേഡുകള്‍ പ്ലാസ്‌മ കട്ടര്‍ ഉപയോഗിച്ചു മുറിച്ചുനീക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

ഇന്നലെ മുകളില്‍നിന്നു കുത്തനെയുള്ള തുരക്കല്‍ തുടങ്ങിയെങ്കിലും തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന്‌ ആഴ്‌ചകളും ചിലപ്പോള്‍ ഒരുമാസത്തോളവും വേണ്ടിവന്നേക്കാമെന്ന്‌ വിദഗ്‌ധര്‍.
ഡ്രില്ലിങ്‌ മെഷീന്‍ പൂര്‍ണമായി പുറത്തെടുത്ത ശേഷം ബാക്കിയുള്ള 10-12 മീറ്റര്‍ തൊഴിലാളികള്‍ ഉള്ളിലിറങ്ങി യന്ത്രസഹായമില്ലാതെ നേരിട്ടു തുരക്കാനാണു തീരുമാനം. ഇതടക്കം ആറ്‌ പദ്ധതികളാണ്‌ രക്ഷാപ്രവര്‍ത്തകര്‍ തയാറാക്കിയിരിക്കുന്നത്‌. ബ്ലേഡ്‌ കുടുങ്ങിയതോടെ യന്ത്രസഹായത്തോടെയുള്ള തുരക്കലിനു തടസം നേരിട്ടിരുന്നു. ഇതോടെയാണ്‌ സമാന്തര രക്ഷാമാര്‍ഗം എന്ന നിലയില്‍ മലയുടെ മുകളില്‍നിന്നു താഴേക്കും തുരന്നുതുടങ്ങിയത്‌. മുകളില്‍നിന്ന്‌ ഒന്നര മീറ്റര്‍ വ്യാസത്തില്‍ 90 മീറ്ററോളം തുരക്കേണ്ടി വരും. തുരക്കലിനിടെ മലയിടിച്ചിലിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കയുണ്ട്‌. മണിക്കൂറുകളെടുത്താണ്‌ ഡ്രില്ലിങ്‌ മെഷീനുകള്‍ മലയുടെ മുകളിലെത്തിച്ചത്‌. നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന്‌ 41 തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയിട്ട്‌ ഇന്നലെ 14 ദിവസം പിന്നിട്ടു. രക്ഷാദൗത്യം നീളുമെന്നാണു സൂചന.
ക്ഷമയോടെയുള്ള കാത്തിരിപ്പിനു സന്നദ്ധരാകണമെന്നും ദൗത്യം പൂര്‍ത്തിയാകാന്‍ ദിവസങ്ങളെടുത്തേക്കാമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്‌.ജനറല്‍ (റിട്ട) സയദ്‌ അത്താ ഹസ്‌നെയ്‌ന്‍ പറഞ്ഞു. ഈദൗത്യം നീണ്ടുപോയേക്കാം.
പര്‍വതമുകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒന്നും പ്രവചിക്കാനാകില്ല. ഒരുനിമിഷം പോലും പാഴാക്കാതെ ക്ഷമയോടെയുള്ള പ്രവര്‍ത്തനമാണ്‌ അനിവാര്യം- അദ്ദേഹം പറഞ്ഞു. ക്രിസ്‌മസോടെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു ദുരന്തമുഖത്തു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ടണലിങ്‌ വിദഗ്‌ധന്‍ അര്‍ണോള്‍ഡ്‌ ഡിക്‌സ്‌ പറഞ്ഞു.
തുരങ്കത്തിനു മുന്നില്‍നിന്നു തുരന്ന്‌ വലിയ പൈപ്പുകള്‍ സ്‌ഥാപിച്ച്‌ അതുവഴി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്‌ അടുക്കുന്നതിനിടെയാണു വീണ്ടും തടസമുണ്ടായത്‌. 10-12 മീറ്റര്‍ മാത്രം തുരക്കാനുള്ളപ്പോള്‍ വെള്ളിയാഴ്‌ച രാത്രിയാണ്‌ ഡ്രില്ലിങ്‌ മെഷീന്റെ ബ്ലേഡുകള്‍ അവശിഷ്‌ടങ്ങള്‍ക്കിടെ കുടുങ്ങിയത്‌. ഹൈദരാബാദില്‍നിന്നെത്തിച്ച പ്ലാസ്‌മ കട്ടര്‍ ഉപയോഗിച്ച്‌ ഇവ വേഗത്തില്‍ മുറിച്ചുനീക്കാന്‍ കഴിയുന്നുണ്ടെന്നു രാജ്യാന്തര വിദഗ്‌ധനായ അര്‍നോള്‍ഡ്‌ ഡിക്‌സ്‌ പറഞ്ഞു. ഇവ മുറിച്ച്‌ ഡ്രില്ലിങ്‌ മെഷീന്‍ നീക്കിയശേഷമാകും നേരിട്ടുള്ള തുരക്കല്‍ തുടങ്ങുക. ഒരാള്‍ ഉള്ളിലേക്കിറങ്ങി നിശ്‌ചിത സമയം ഡ്രില്ലിങ്‌ ജോലികള്‍ നടത്തിയ ശേഷം മടങ്ങിപ്പോരുകയും മറ്റൊരാള്‍ ഉള്ളിലേക്കിറങ്ങുകയുമാകും രീതി. ഇതിനായി സൈന്യത്തിന്റെ സഹായവും ലഭിക്കും. കരസേനയുടെ എന്‍ജിനിയറിങ്‌ കോറില്‍നിന്നുള്ള മദ്രാസ്‌ സാപ്പേഴ്‌സിന്റെ യൂണിറ്റ്‌ സ്‌ഥലത്തെത്തി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *