യുക്രെയ്നിലേക്ക് എഫ്-16; മുന്നറിയിപ്പുമായി റഷ്യ

May 21, 2023
24
Views

റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ്-16 അടക്കമുള്ള യുദ്ധവിമാനങ്ങള്‍ ലഭിക്കും.

ഹിരോഷിമ: റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്കന്‍ നിര്‍മിത അത്യാധുനിക എഫ്-16 അടക്കമുള്ള യുദ്ധവിമാനങ്ങള്‍ ലഭിക്കും.

അമേരിക്കയുടെ സഖ്യരാഷ്‌ട്രങ്ങളുടെ പക്കലുള്ള എഫ്-16 വിമാനങ്ങളായിരിക്കും യുക്രെയ്നു ലഭിക്കുക.

യുക്രെയ്ന്‍ പൈലറ്റുമാര്‍ക്ക് അമേരിക്കന്‍ സേന പരിശീലനം നല്കും. ഇതിന് അനുമതി നല്കാന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ തീരുമാനിച്ചതായി യുഎസ് ദേശീയ സുരക്ഷാഉപദേഷ്ടാവ് ജേക് സള്ളിവന്‍ അറിയിച്ചു. ഹിരോഷിമയില്‍ യോഗം ചേരുന്ന ജി-7 രാഷ്‌ട്രനേതാക്കളെ ബൈഡന്‍ തീരുമാനം അറിയിച്ചിട്ടുണ്ട്.

യുക്രെയ്ന് എഫ്-16 നല്കുന്ന രാജ്യങ്ങള്‍ വളരെ വലിയ അപകടമാണു ക്ഷണിച്ചുവരുത്തുന്നതെന്ന് റഷ്യ പ്രതികരിച്ചു. പാശ്ചാത്യശക്തികള്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്നും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ ഗ്രുഷ്കോ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണിതെന്നാണ് ഹിരോഷിമയിലെ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചത്.

ആകാശയുദ്ധത്തില്‍ റഷ്യക്കുള്ള മേധാവിത്വം തകര്‍ക്കാനായി എഫ്-16 പോലുള്ള വിമാനങ്ങള്‍ വേണമെന്ന് ദീര്‍ഘനാളായി യുക്രെയ്ന്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിനു വഴിവച്ചേക്കുമെന്ന കാരണത്താല്‍ അമേരിക്ക ആവശ്യത്തിനു വഴങ്ങിയിരുന്നില്ല.

കരയുദ്ധത്തിനു സഹായകരമായ ആയുധങ്ങളാണ് ഇതുവരെ അമേരിക്ക നല്കിയിട്ടുള്ളത്.
സോവ്യറ്റ് നിര്‍മിത മിഗ്, സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ചു പോരാടുന്ന യുക്രെയ്നുമേല്‍ റഷ്യന്‍ വ്യോമസേനയ്ക്കു വ്യക്തമായ ആധിപത്യമുണ്ട്. എഫ്-16 ലഭിച്ചാല്‍ ഇതു മറികടക്കാമെന്നു കരുതുന്നു.

സ്വയം പ്രതിരോധത്തിനാണ് യുക്രെയ്ന് യുദ്ധവിമാനങ്ങള്‍ നല്കുന്നതെന്നും ഇവ ഉപയോഗിച്ച്‌ റഷ്യക്കുള്ളില്‍ ആക്രമണം നടത്താന്‍ അമേരിക്ക സമ്മതിക്കില്ലെന്നും ജേക്ക് സള്ളിവന്‍ ഹിരോഷിമയില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. യുദ്ധഗതി മാറുന്ന സാഹചര്യത്തിലാണ് യുക്രെയ്ന് എല്ലാവിധ ആയുധങ്ങളും നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *