കോഴിക്കോട് വിലങ്ങാട് ആദിവാസി കോളനിയില്‍ അശാസ്ത്രീയമായി റോഡ് ടാര്‍ ചെയ്ത സംഭവത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. കോളനികളുടെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരെ ഒഴിവാക്കുമെന്ന്ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ആദിവാസി കോളനി റോഡില്‍ പൊടിമണ്ണില്‍ ടാറിട്ട സംഭവം വിവാദമായതോടെയാണ് ജില്ലാ കളക്ടര്‍ ഇടപെട്ടത്. പഞ്ചായത്ത് അധികൃതര്‍, നാട്ടുകാര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുടെ യോഗം കളക്ടര്‍ വിളിച്ചുചേര്‍ത്തു. കരാറുകാര്‍ ഗുരുതര ക്രമക്കേട് നടത്തിയതായും ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഈ മാസം 28ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.ജില്ലയിലെ ഏഴ് ആദിവാസി കോളനികളുടെ വികസനത്തിനായി അനുവദിച്ച ഏഴര കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് റോഡ് നിര്‍മാണം. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതികള്‍ ഏഴുവര്‍ഷമായിട്ടും എങ്ങുമെത്തിയിട്ടില്ല.