കൊല്ലം: മഹാബലി തമ്ബുരാനെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണ് മലയാളികള്‍. നാളെ ഓണമാഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്നു കൊണ്ട് തീര്‍ക്കണം. അതിനാണ് ഉത്രാടനാളിലെ പരക്കം പാച്ചില്‍. ഇത്തവണ ഓണമൊരുക്കുന്നതിനൊപ്പം കൊവിഡിനെയും മെരുക്കണം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ഓണാഘോഷം. കൊവിഡ് മഹാമാരി ആഘോഷങ്ങളുടെ നിറംകെടുത്തിയെങ്കിലും വീടുകളില്‍ സദ്യവട്ടങ്ങള്‍ ഒഴിവാക്കിയിട്ടില്ല. കുടുംബത്തിലുള്ളവര്‍ ഓണനാളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒത്തുകൂടുകയും ഓണസദ്യ കഴിക്കുകയും ചെയ്യും. അതിലേക്കുള്ള വിഭവ സമാഹരണം ഉത്രാടനാളുകളിലാണ് നടക്കുക. സദ്യക്കുള്ള പച്ചക്കറികള്‍ പലവ്യഞ്ജനങ്ങള്‍ എന്നിവ വാങ്ങുക. കുടുംബത്തിലുള്ളവര്‍ക്ക് പുത്തനുടുപ്പുകള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ ചെയ്യുമെങ്കിലും വിട്ടുപോയ പല കാര്യങ്ങള്‍ക്കുമുള്ള ഓട്ടം ഉത്രാടം നാളിലാണ് ചെയ്യുക. കൊവിഡിനുമുമ്ബുള്ള ഓണം പോലെ ആയിട്ടില്ലെങ്കിലും വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി സദ്യവട്ടങ്ങള്‍ മാത്രമായാണ് ഇത്തവണത്തെ ഓണാഘോഷം. സദ്യയ്ക്ക് വേണ്ടുന്ന ഉപ്പേരികളും ശര്‍ക്കരവരട്ടിയും തലേനാള്‍ തന്നെ തയ്യാറാക്കും. എങ്കിലും സദ്യയ്ക്ക് വേണ്ടുന്ന അച്ചാറുകള്‍ തുടങ്ങിയവയ്ക്ക് അരിഞ്ഞൊരുക്കാനും വീട്ടമ്മമാര്‍ തലേനാള്‍ ഉത്രാടത്തിന് സമയം കണ്ടെത്തണം.
ഉത്രാട ദിനമായ ഇന്ന് പതിവിലും വിപരീതമായി റോഡുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചിന്നക്കട കമ്ബോളവും ചാമക്കടയും മെയിന്‍ റോഡും ആണ്ടാമുക്കം, പള്ളിമുക്ക് കാവനാട്, കുണ്ടറ, ഇളമ്ബള്ളൂര്, കൊട്ടിയം എന്നിവിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്കേറും. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുവേണം പുറത്തിറങ്ങാനെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.