ന്യൂഡല്‍ഹി: കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട് വര്‍ഗീയ ചുവയുള്ള പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബക്രീദിന് സര്‍വ്വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയുന്നതിലെ യുക്തി എന്താണെന്ന് മന്ത്രി ചോദിച്ചു. പിടിവാശി ഉപേക്ഷിച്ച് അശാസ്ത്രീയ ലോക്‌ഡൗണ്‍ രീതിയില്‍ നിന്ന് പിന്‍മാറാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വ്യാപാരമേഖലയുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. ബക്രീദിന് സര്‍വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയുന്നതിലെ യുക്തി എന്താണ്..?
ജനങ്ങളുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന രീതി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍ക്ക് യോജിച്ചതല്ല. സര്‍ക്കാര്‍ എല്ലാവരുടേതുമാകണം, എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണണം.
മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ കോവിഡിനെ നേരിട്ടുകൊണ്ടിരുന്നത്. അത് സമ്ബൂര്‍ണ പരാജയമായി -മന്ത്രി പറഞ്ഞു.
സാമൂഹിക മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറായി മാറ്റിനിയമിച്ചിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ഞങ്ങള്‍ പ്രത്യേകമായ രീതിയിലാണ് കോവിഡിനെ നേരിടുന്നതെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ആ രീതി സമ്ബൂര്‍ണമായി പരാജയപ്പെട്ടെന്ന് ബോധ്യമായി. കോവിഡിനെ ശാസ്ത്രീയമായി നേരിടണമെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു.