വണ്ടന്‍മേട്: പഞ്ചായത്തംഗം സൗമ്യയുടെ ഭര്‍ത്താവിന്റെ വാഹനത്തില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ ഭാര്യ അറസ്റ്റിൽ . ഭര്‍ത്താവിനെ കേസില്‍ കുടുക്കിയ ശേഷം കാമുകനൊപ്പം ജീവിക്കുന്നതിനാണ് സൗമ്യ അറസ്റ്റിലായത്. ഫെബ്രുവരി 22ന് സൗമ്യയുടെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. കാമുകന്‍ വിനോദിന്റെ നിര്‍ദേശപ്രകാരം അയാളുടെ സുഹൃത്ത് ഷാനവാസാണ് സുനിലിന്റെ വാഹനത്തില്‍ ഒളിപ്പിക്കാനായി എംഡിഎംഎ സൗമ്യക്ക് എത്തിച്ചുകൊടുത്തത്.
വണ്ടന്‍മേട് പോലീസും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ടീം അംഗങ്ങളും ചേര്‍ന്ന് സുനില്‍ വര്‍ഗീസിന്റെ വാഹനത്തില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയായ സുനില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതായോ വില്‍പ്പന നടത്തുന്നതായോ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണം നടത്തി.
സുനിലിനെ ഒഴിവാക്കുന്നതിനായി ഭാര്യ സൗമ്യ കാമുകനായ വിദേശ മലയാളി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസ് മറ്റും ചേര്‍ന്ന് നടത്തിയ പദ്ധതിയാണ് പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം പൊളിഞ്ഞത്. സുനിലിനെ കൊലപ്പെടുത്താനായിരുന്നു ആദ്യം ഇവര്‍ തീരുമാനിച്ചത്. കൊച്ചിയിലെ ക്വ്‌ട്ടേഷന്‍ ടീമുകളെ ഇതിനായി സമീപിക്കാനായിരുന്നു നീക്കമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഫെബ്രുവരി 18ാം തീയതി വിനോദും വിനോദിന്റെ സുഹൃത്ത് ഷാനവാസും ചേര്‍ന്ന് വണ്ടന്‍മേട് ആമയറ്റില്‍ വച്ച് മയക്കുമരുന്ന് കൈമാറിയത്. ഇത് സൗമ്യ സുനിലിന്റെ ഇരുചക്ര വാഹനത്തില്‍ വച്ചശേഷം വാഹനത്തിന്റെ ഫോട്ടോ കാമുകന് അയച്ച് കൊടുത്തു. പോലീസിനും മറ്റിതര ഏജന്‍സികള്‍ക്കും സൗമ്യ വിദേശത്ത് ജോലി ചെയ്യുന്ന കാമുകന്‍ മുഖേന സൂചന കൊടുപ്പിച്ചു. സൂചന പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനില്‍ നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഒരു വര്‍ഷമായി സൗമ്യയും കാമുകനായ വിനോദും അടുപ്പത്തിലായിരുന്നു സുനിലിനെ വാഹനം ഇടുപ്പിച്ചോ സയനൈഡ് പോലുള്ള മാരകവിഷം നല്‍കി കെലപ്പെടുത്താനോ ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടു പിടിക്കപ്പെടുമെന്ന ഭയം കാരണം സൗമ്യ ഇതില്‍ നിന്നും പിന്‍മാറി. വിദേശത്തു നിന്നും സൗമ്യയെ കാണുന്നതിനായി വന്നു പോകുന്ന കാമുകന്‍ വിനോദും സൗമ്യയും ഒരു മാസം മുന്‍പ് എറണാകുളത്ത് ആഡംബര ഹോട്ടലില്‍ റൂം എടുത്ത് രണ്ട് ദിവസം താമസിച്ചാണ് സുനിലിനെ ഒഴിവാക്കുന്നതിനായി ഗൂഡാലോചന നടത്തിയത്.
മയക്കുമരുന്ന് എത്തിച്ചുകൊടുത്തശേഷം വിദേശത്തേയ്ക്ക് കടന്ന കാമുകനെ തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുന്നുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ സൗമ്യയും കൂടാതെ സഹായികളായ ഷാനവാസും ഷെഫിന്‍ഷാ യും അറസ്റ്റിലായി. ഷാനവാസും ഷെഫിന്‍ഷായും ചേര്‍ന്നാണ് 45000 രൂപ വിലവാങ്ങി വിനോദിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്നും അന്വേഷണത്തില്‍ വെളിവായി.