സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം: ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാരിനെ സമീപിക്കാൻ എസ്എൻഡിപി

February 10, 2022
234
Views

കൊച്ചി: സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാരിനെ സമീപിക്കാൻ എസ്എൻഡിപി യോഗത്തിന്‍റെ തീരുമാനം. കമ്പനി നിയമത്തിൽ ഇളവ് തേടി സംസ്ഥാനസർക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യമെന്നും യോഗം തീരുമാനിച്ചു. ചേർത്തലയിൽ ചേർന്ന എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് ഏറെ വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

നിലവിലെ കമ്മിറ്റി തുടരുന്നതിൽ നിയമതടസ്സമില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. കമ്പനി നിയമത്തിൽ ഭേദഗതി വരുത്താൻ അനുമതി കിട്ടിയാൽ ഇത് കോടതിയെ ബോധ്യപ്പെടുത്തണം. അതിന് ശേഷം സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്നുമാണ് തീരുമാനമായിരിക്കുന്നത്.

നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് വരണാധികാരി പ്രസ്താവന ഇറക്കിയിരുന്നു. 1974-ൽ, കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക ഇളവ് വാങ്ങിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതിയുമായി നേതൃത്വം മുന്നോട്ടുപോയത്.

വെള്ളാപ്പള്ളി നടേശൻ ജനറ‌ൽ സെക്രട്ടറിയായ ശേഷം 1999-ൽ, 200 പേർക്ക് ഒരു വോട്ട് എന്ന രീതിയിൽ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നു. എന്നാൽ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്‍റെ ഭാഗമാകണം.

വിധി മറികടക്കാൻ ഡിവിഷൻ ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീൽ പോകാനായിരുന്നു വെള്ളാപ്പള്ളി വിഭാഗത്തിന്‍റെ തീരുമാനം. മുൻപ് കേന്ദ്ര സർക്കാരിനെ സമീപിച്ച് ഇളവ് വാങ്ങിയത് പോലെ, നോൺ ട്രേഡിംഗ് കമ്പനി നിയമപ്രകാരം സംസ്ഥാന സർക്കാരിനെ എസ്എഡിപി നേതൃത്വത്തിന് സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ച് പ്രത്യേക ഉത്തരവ് വാങ്ങി അപ്പീൽ പോകാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.

തെരഞ്ഞെടുപ്പ് രീതി ചോദ്യം ചെയ്ത് എതിർചേരി കോടതിയെ സമീപിച്ചപ്പോൾ തന്നെ, ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൽ വെള്ളാപ്പള്ളി വിഭാഗം അപേക്ഷ നൽകിയിരുന്നു. ചുരുക്കത്തിൽ, എസ്എൻഡിപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് ഇനി സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *