മുംബൈ: ആര്യന് ഖാന് പ്രതിയായ ആഡംബരക്കപ്പല്‍ ലഹരിപാര്‍ട്ടി കേസ് ഒതുക്കാന്‍ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയര്‍ത്തിയതിന് പിന്നാലെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് എന്‍.സി.ബി. എന്‍.സി.ബി ഡെപ്യൂട്ടര്‍ ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ്ങിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന് തുടക്കമിട്ടിട്ടേയുള്ളൂവെന്നും സമീര്‍ വാങ്കഡെ സ്ഥാനത്ത് തുടരുമോയെന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും ഗ്യാനേശ്വര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേഷര്‍ സിങ് എന്‍.സി.ബിയുടെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കൂടിയാണ്.
എന്‍.സി.ബിക്കെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ഡയറക്ടര്‍ ജനറല്‍ക്ക് മുംബൈ എന്‍.സി.ബി അധികൃതര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്‍.സി.ബിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തി സത്യവാങ്മൂലം നല്കിയ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ തിങ്കളാഴ്ച മുംബൈ പൊലീസ് കമീഷണറുടെ ഓഫിസിലെത്തി. സുരക്ഷ സംബന്ധിച്ച ആശങ്കയറിയിക്കാനായാണ് ഇദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടത്. താന്‍ കൊല്ലപ്പെടാന്‍ വരെ സാധ്യതയുണ്ടെന്ന് പ്രഭാകര്‍ സെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കോടികളുടെ ഇടപാടാണ് ലഹരികേസിന്റെ മറവില്‍ നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു ഇയാളുടെ ആരോപണം.
കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ‘ഡീല്‍’ ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
‘നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം’- ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയല്‍ ചെയതതെന്നും പ്രഭാകര്‍ സെയില്‍ പറയുന്നു.
അതേസമയം, സാം ഡിസൂസ ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇരുവരും ഗൂഢാലോചന നടത്തി ഷാരൂഖില്‍ നിന്നും പണം തട്ടാനാണോ പദ്ധതിയിട്ടതെന്നും വ്യക്തമായിട്ടില്ല. ആര്യന് ഖാനെ എന്‍.സി.ബി ഓഫിസിലെത്തിച്ചപ്പോള്‍ കെ.പി. ഗോസാവിയെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും റെയ്ഡ് നടന്ന ദിവസം തന്നെക്കൊണ്ട് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു.
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സമീര്‍ വാങ്കഡെ പ്രതികരിച്ചത്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നും വാങ്കഡെ ചോദിച്ചു. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫിസില്‍ സി.സി.ടി.വി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ല. സത്യവാങ്മൂലം കോടതിയിലെത്തുമ്ബോള്‍ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറയുന്നു.