രജനീകാന്തിന്റെ ജയിലറില്‍ അഭിനയിച്ചതിന് വിനായകന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രധാന വേഷത്തിലെത്തിയ നടന് കുറച്ചു പ്രതിഫലം നല്‍കിയെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ജയിലറിലെ വര്‍മനാകാൻ തനിക്ക് ലഭിച്ചത് 35 ലക്ഷമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ. താൻ ചോദിച്ച പ്രതിഫലം നിര്‍മാതാക്കള്‍ നല്കി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതില്‍ കൂടുതല്‍ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവര്‍ എനിക്കു തന്നു. സെറ്റില്‍ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്ബളം ജയിലറില്‍ എനിക്കു ലഭിച്ചു.- വിനായകൻ പറഞ്ഞു.
ചിത്രത്തില്‍ വര്മൻ എന്ന വില്ലൻ റോളിലാണ് താരം എത്തിയത്. ഒരു വര്‍ഷത്തോളം ഈ കഥാപാത്രമായി നില്ക്കേണ്ടിവന്നു എന്നാണ് വിനായകൻ പറയുന്നത്. ഇതിനിടയില്‍ ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റൻ മില്ലര്‍ വന്നെങ്കിലും ജയിലര്‍ ഉണ്ടായതുകാരണം കരാര്‍ ഒപ്പിട്ടില്ലെന്നും താരം വ്യക്തമാക്കി. ജയിലര്‍ പോലൊരു വലിയ സിനിമ കഴിഞ്ഞു നില്ക്കുന്നതിനാല് അടുത്ത സിനിമ ശ്രദ്ധിച്ചായിരിക്കും തെരഞ്ഞെടുക്കുക എന്നാണ് വിനായകൻ പറയുന്നത്.
ചിത്രത്തില്‍ അഭിനയിക്കാൻ അവസരം നല്‍കിയതിനും സംവിധായകൻ നെല്‍സനും രജനീകാന്തിനും നന്ദി പറഞ്ഞുകൊണ്ട് വിനായകൻ രംഗത്തെത്തിയിരുന്നു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചത് എന്നാണ് വിനായകൻ പറഞ്ഞത്. ബോക്സ്ഓഫിസില്‍ വമ്ബൻ ഹിറ്റായി മാറിയ ജയിലര്‍ 600 കോടിക്കു മുകളിലാണ് വാരിയത്. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷവും ഹിറ്റായിരുന്നു