ആറ് പുതിയ രാജ്യങ്ങള്‍ക്ക് കൂടി സൗദി അറേബ്യയുടെ വിനോദസഞ്ചാര വിസ
ജിദ്ദ: ആറ് പുതിയ രാജ്യങ്ങള്‍ക്ക് കൂടി സൗദി അറേബ്യയുടെ വിനോദസഞ്ചാര വിസ. തുര്‍ക്കിയ, തായ്‌ലൻഡ്, പനാമ, സെൻറ് കിറ്റ്‌സ് ആൻഡ് നെവിസ്, സീഷെല്‍സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കൂടിയാണ് സൗദി ടൂറിസ്റ്റ് അതോറിറ്റി ഓണ്‍ലൈൻ ടൂറിസ്റ്റ് വിസിറ്റ് വിസ അനുവദിക്കാൻ തീരുമാനിച്ചത്.
ഇതോടെ സൗദി അറേബ്യയുടെ ഇ-ടൂറിസ്റ്റ് വിസയ്ക്ക് യോഗ്യരായ ആകെ രാജ്യങ്ങളുടെ എണ്ണം 63 ആയി. ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഹജ്ജ്-ഉംറ മന്ത്രാലയം, ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് ടൂറിസ്റ്റ് മന്ത്രാലയത്തിെൻറ പ്രഖ്യാപനം.
ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘റൂഹ് അല്‍ സഉൗദിയ’ പ്ലാറ്റ്‌ഫോമിലെ (https://Visa.visitsaudi.com) വിസ പേജ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. സന്ദര്‍ശന വിസയുടെ സാധുത ഒരു വര്‍ഷമാണ്. ഈ കാലത്തിനുള്ളില്‍ പല തവണ സൗദിയിലെത്താനും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാനും കഴിയും.
ഹജ്ജ് സീസണിലൊഴികെ ഒരു വര്‍ഷത്തില്‍ ബാക്കി കാലം മുഴുവനും മക്കയിലെത്തി ഉംറ നിര്‍വഹിക്കാനും രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും. പലതവണ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമെങ്കിലും ഒരു വര്‍ഷം പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ കഴിയൂ.
‘സൗദി വിഷൻ 2030’ന് അനുസൃതമായി ടൂറിസ്റ്റ് മേഖലയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സൗദി ടൂറിസ്റ്റ് സംവിധാനത്തിന് കീഴില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെയും നിരവധി സര്‍ക്കാര്‍ ഏജൻസികളുമായുള്ള സഹകരണത്തിെൻറയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ആഗോള ടൂറിസ്റ്റ് ഭൂപടത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇ-ടൂറിസ്റ്റ് വിസ സഹായിക്കും. 2019 സെപ്റ്റംബറിലാണ് വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി സൗദി അറേബ്യ വിസിറ്റ് വിസ അനുവദിക്കാൻ ആരംഭിച്ചത്. ഇതിനകം ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ രാജ്യത്തെത്തുകയും ടൂറിസ്റ്റ് മേഖലയുടെ വളര്‍ച്ചയെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.