തിരുവനന്തപുരം: കെ.പി.സി.സി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വി.എം.സുധീരൻ പാർട്ടി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവെച്ചു. പ്രസിഡന്റ് കെ.സുധാകരന് സുധീരൻ രാജിക്കത്ത് കൈമാറി. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് രാജിയെന്നാണ് സൂചന.
ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് സുധാകരനെ ഫോണിൽ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കോൺഗ്രസിന്റ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം.സുധീരൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരന് അതൃപ്തിയുണ്ടെന്നാണ് സൂചന. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.
ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരിക്കെ സംസ്ഥാനത്തിനൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തും. ഇതിനിടെയാണ് സുധീരന്റെ രാജി.