തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോകുന്നയാള്‍ ഇന്ന് പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.
അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിയമസഭയിലെ വസ്തുവകകള്‍ പൊതുമുതലല്ല, അത് തല്ലിത്തകര്‍ത്തതില്‍ ഒരു നഷ്ടവുമില്ല എന്ന് വാദിക്കാന്‍ പൊതുഖജനാവില്‍ നിന്ന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തി സുപ്രീം കോടതിയില്‍ നിന്ന് വരെ ശക്തമായ തിരിച്ചടി നേരിട്ട് നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയന് സര്‍ക്കാര്‍.
ഇത്തരമൊരു ക്രിമിനല്‍ കേസില്‍ വിചാരണ നേരിടാന്‍ പോവുന്ന ഒരാള്‍ ഇന്ന് പ്ലസ് ടു റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് ആ വിദ്യാര്‍ത്ഥികളോടുള്ള ഒരു വലിയ അവഹേളനമാണ്. അല്‍പ്പമെങ്കിലും മാന്യതയും മര്യാദയും ബാക്കിയുണ്ടെങ്കില്‍ വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണം.