പാകിസ്ഥാൻ തിരഞ്ഞെടുപ്പ്; നവാസ് ഷെരീഫ് വിജയിച്ചു, 55,000 വോട്ടുകളുടെ ഭൂരിപക്ഷം

February 10, 2024
3
Views

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുൻപ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലീം ലീഗ് (പിഎംഎല്‍- എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറില്‍ വിജയിച്ചു.

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മുൻപ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലീം ലീഗ് (പിഎംഎല്‍- എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറില്‍ വിജയിച്ചു.

55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷെരീഫ് വിജയിച്ചെന്നാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

265 സീറ്റുകളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലെ വിജയികളുടെ വിവരങ്ങളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയോടെ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികള്‍ ഇതുവരെ വിജയിച്ച സ്ഥാനാർത്ഥികളുടെ കൂട്ടത്തിലുണ്ട്. ബാക്കി നാല് പേർ പിഎംഎല്‍- എൻ പാർട്ടി സ്ഥാനാർത്ഥികളാണ്.

അതേസമയം നവാസ് ഷെരീഫ് തോല്‍വി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻ സാഫ് (പിടിഐ) പ്രതിഷേധവുമായി രംഗത്തെത്തി. ഫലത്തിലെ അട്ടിമറിയുടെ വിവരങ്ങള്‍ പിടിഐ പുറത്തുവിട്ടാണ് പ്രതിഷേധിക്കുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ നവാസ് ഷെരീഫ് തോല്‍വി അംഗീകരിക്കണമെന്നും ഈ വിജയം പാകിസ്ഥാൻ ജനത അംഗീകരിക്കില്ലെന്നുമാണ് പിടിഐ ആരോപിക്കുന്നത്.

47 സീറ്റുകളില്‍ പിടിഐ സ്വതന്ത്രർ മുന്നിലാണെന്നും പിഎംഎല്‍- എൻ 44 സീറ്റുകളില്‍ ലീഡ് ചെയ്യുന്നെന്നും അവകാശവാദങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പാകിസ്ഥാനില്‍ ഉയർന്നിരുന്നു. സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റില്‍ മത്സരിക്കാൻ ഇലക്ഷൻ കമ്മിഷൻ അനുമതി നിഷേധിച്ചതിനാല്‍ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പിടിഐ അംഗങ്ങള്‍ മത്സരിച്ചത്. ബിലാവല്‍ ഭൂട്ടോ സർദ്ദാരിയുടെ പാകിസ്ഥാൻ പീപ്പിള്‍സ് പാർട്ടിയും (പിപിപി) മുൻനിരയിലുണ്ട്. 336 അംഗ നാഷണല്‍ അസംബ്ലിയിലെ 266 സീറ്റുകളിലേക്കും നാല് പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 169 സീറ്റാണ് നാഷണല്‍ അസംബ്ലിയിലെ കേവല ഭൂരിപക്ഷം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *