വയനാട് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

January 22, 2022
134
Views

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ ആസിഡ് ഒഴിച്ചത്. സംഭവത്തിന്‌ ശേഷം സനിൽകുമാർ തീവണ്ടിയുടെ മുന്നിൽ ചാടി മരിച്ചിരുന്നു. സാരമായി പരിക്കേറ്റ ഇവരുടെ മകൾ അളകനന്ദ ചികിത്സയിൽ കഴിയുകയാണ്. അളകനന്ദയുടെ ഇടതു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.

ഈ മാസം 15നാണ് ആക്രമണമുണ്ടായത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു ലിജിത. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്. സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു. ഭർത്താവ് ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.

ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സനലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖവും തലയും ട്രെയിൻ ഇടിച്ച് പൂർണമായും വികൃതമായ നിലയിലായിരുന്നു മൃതദേഹം. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *