ബിജെപി കുഴല്‍പ്പണം; 22 പ്രതികളെ അറസ്റ്റ് ചെയ്തു, ഗൗരവതരമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

July 26, 2021
305
Views

ബിജെപി കുഴല്‍പ്പണക്കേസില്‍ ഗൗരവതരമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പരാതിക്കാരനായ ഷംജീറിനെയും പണം ഏല്‍പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്‍മ്മരാജനെയും വിശദമായി ചോദ്യം ചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി വ്യക്തമായി. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ചാലക്കുടി ഡിവൈഎസ്പി കേസിന്റെ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും 17 സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ കേസില്‍ പ്രതിയായ ധര്‍മ്മരാജന്‍ ബിജെപി അനുഭാവിയും, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റിംഗ് സെക്രട്ടറി എം.ഗണേഷ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ധര്‍മ്മരാജന്‍ ഹവാല ഏജന്റായി പ്രവര്‍ത്തിച്ച്‌ വരികയും ചെയ്യുന്നതായും വെളിവായിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണം എന്ന കാര്യം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, ഗിരീശന്‍ നായര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് എത്തിച്ച്‌ കൊടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന പണമാണെന്നും വെളിവായിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട തുകയില്‍ ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപ മൂല്യമുള്ള പണവും മുതലുകളും കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച്‌ വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കി. കത്തില്‍ ഇക്കാര്യത്തിലെ മുഴുവന്‍ ഇടപാടുകളിലും നിയമവിരുദ്ധ പ്രവര്‍ത്തനവും നിയമവിരുദ്ധ ഉറവിടങ്ങളില്‍ നിന്നുള്ള പണവും ഉള്‍പ്പെട്ടതായി ശക്തമായ സംശയമുണ്ടെന്ന് ആ ഘട്ടത്തില്‍ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രമേയത്തില്‍ ഉന്നയിച്ചിട്ടുള്ള മുഖ്യ പ്രശ്‌നം പണത്തിന്റെ ഉറവിടത്തെ ക്കുറിച്ചുള്ള അന്വേഷണം അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ്. ഇത് ബോധപൂര്‍വ്വം വസ്തുതകള്‍ മറച്ചുവെച്ച്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ്. പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ നിയമപ്രകാരം വ്യക്തമായ അധികാരമുണ്ട്.മുഖ്യമന്ത്രി വ്യക്തമാക്കി.

ആദായ നികുതി വകുപ്പ് നിയമം 1961 ലും കള്ളപ്പണം വെളുപ്പിക്കല്‍ നിയമം 2002 ലും ഇതില്‍ വ്യക്തമായ അധികാരങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കേണ്ട ആവശ്യം ഇല്ല എന്നത് ഒരു പ്രാഥമിക വസ്തുതയായിരിക്കെ യാതൊരു പിന്‍ബലവും ഇല്ലാതെയാണ് ഈ ആക്ഷേപം ഉന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *