തിരുവനന്തപുരം: കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുള്ളതിനാല്‍ അനുപമയുടെ കുഞ്ഞിെന്റ ദത്ത് റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം തിരുവനന്തപുരം കുടുംബ കോടതി അംഗീകരിച്ചു. ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ദത്ത് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി പരിഗണിക്കുക.
കുഞ്ഞിന്റെ പൂര്‍ണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ദമ്ബതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കിയത്. ഹരജി കോടതി അംഗീകരിച്ചാല്‍ കുട്ടിയെ ദത്തെടുത്ത ആന്ധ്ര സ്വദേശികളായ ദമ്ബതികളില്‍ നിന്ന് തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.
അതേസമയം, സംഭവത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോര്‍ജിനും പരാതി നല്കി. കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി കത്തില്‍ പറയുന്നു. നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സുനന്ദയും ചേര്‍ന്നാണ്. പ്രശ്നങ്ങള്‍ പുറത്തുവന്നപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്.
2020 ഒക്ടോബര്‍ 22ന് അര്‍ധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞിെന്റ വിവരം സമിതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളില്‍ സമിതിയിലെ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല.
ഷിജുഖാന് നല്കിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂര്‍ക്കടയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും ചേര്‍ന്ന് ഒക്ടോബര്‍ 22ന് രാത്രി ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാര്‍ത്തകളും നല്കി.
23ന് വെള്ളിയാഴ്ച മറ്റൊരു ആണ്‍കുഞ്ഞിനെയും സമിതിയില്‍ ലഭിച്ചു. പിറ്റെ ദിവസം ആണ്-പെണ് വിവാദം വന്നപ്പോള്‍ തൈക്കാട് ആശുപത്രിയില്‍ പോയി രജിസ്റ്ററില്‍ പെണ്‍കുട്ടി എന്നത് ആണ്‍കുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ ഒാഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാന് നല്‍കിയത്.
അനുപമയും ഭര്‍ത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാെന്റ അടുത്തുവന്നപ്പോള്‍ ധിറുതിപ്പെട്ട് കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്ബതികള്‍ക്ക് നല്‍കിയെന്ന് പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിക്കണം. കുഞ്ഞിെന്റ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒക്ടോബര്‍ 23ന് ലഭിച്ച പെലെ എഡിസണ് എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു. എല്ലാം നിയമപരമായാണ് ചെയ്തെന്നായിരുന്നു ഷിജു ഖാന്റെ പ്രതികരണം. അനുപമയുടെ അച്ഛന് ജയചന്ദ്രന്, അമ്മ സ്മിത ഉള്‍പ്പെടെ ആറു പ്രതികള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.