ആലപ്പുഴ കൊലപാതകങ്ങളെ അപലപിച്ച്‌​ മുഖ്യമന്ത്രി; കുറ്റവാളികളെ പിടികൂടും

December 19, 2021
184
Views

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തെ അപലപിച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്‍റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്​ബുക്ക്​ കുറിപ്പ്​

ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്‍്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.

അതേസമയം, സംഭവത്തിന്​ പിന്നാലെ ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയുമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്​ അധികൃതര്‍. 12 മണിക്കൂറിനിടെയാണ് ജില്ലയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ശനിയാഴ്ച രാത്രി 7:30-ഓടെയാണ്​ സ്കൂട്ടറില്‍ പോകുകയായിരുന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ.എസ്. ഷാനെ കാറിടിപ്പിച്ച്‌ തെറിപ്പിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്​.

മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംങ്​ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന ഷാന്‍റെ സ്കൂട്ടറിന് പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇയാളെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു.

ആക്രമണത്തില്‍ കൈകാലുകള്‍ക്കും വയറിനും തലക്കും ഗുരുതര പരിക്കേറ്റ ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയങ്കിലും രാത്രി 12ഓടെ മരണപ്പെടുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയില്‍ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പിയുടെ സഹസംഘടനായ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

വെള്ളക്കിണറിലെ വീട്ടില്‍ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്ബോഴായിരുന്നു ആക്രമണം. വീടിനുള്ളില്‍ വെച്ച്‌ അമ്മയും ഭാര്യയും നോക്കിനില്‍ക്കെ അക്രമിസംഘം വെട്ടുകയായിരുന്നു. രഞ്ജിത്തിനെ ആക്രമിക്കുന്നത് തടയാന്‍ ഇരുവരും ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല. കൃത്യം നിര്‍വഹിച്ച ശേഷം സംഘം കടന്നുകളഞ്ഞു

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *