കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ അന്വേഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്.
ആശുപത്രിയുടെ ഭാഗത്തുനിന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുളളത്. കുഞ്ഞിനെ എറണാകുളം കളമശ്ശേരിയില്‍ താമസക്കാരിയായ നീതു എന്ന യുവതിയായിരുന്നു തട്ടിയെടുത്തത്. ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു.
കേസില്‍ പ്രതി നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഐപിസി 419 ആള്‍മാറാട്ടം, 363 തട്ടിക്കൊണ്ട് പോകല്‍, 368 ഒളിപ്പിച്ചു വെക്കുല്‍, 370 കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ വകുപ്പുകളാണ് നീതുവിനുമേല്‍ ചുമത്തിയിരിക്കുന്നത്.