തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒമ്പതാം ക്ലാസ് വരെയാണ് അടയ്ക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുത്തത്.
ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപന മേധാവികള്‍ക്ക് സ്വയം തീരുമാനമെടുത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാം. മറ്റേന്തെങ്കിലും മേഖലയില്‍ നിയന്ത്രണം വരുത്തണോ എന്നതിന് തിങ്കാളാഴ്ച തീരുമാനമാകും.
യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.
എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പും, സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്.