ഇന്ന് സ്ത്രീകൾ പൊതുവെ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിനും ഒരു കഥ പറയാനുണ്ട്. കഥ തുടങ്ങുന്നത് കുറച്ചധികം കാലം മുൻപാണ് കൃത്യമായി പറഞ്ഞാൽ ഒന്നാം ലോക മഹായുദ്ധ കാലത്ത്. എന്തിനും ഏതിനും ക്ഷാമം നേരിടുന്ന കാലം. ഭക്ഷണമടക്കം നിത്യജീവിതത്തിലെ പല വസ്തുക്കളും ലഭ്യമാകുന്നതിന് വലിയ പരിമിതി ഉണ്ടായിരുന്നു. അക്കാലത്ത് യുദ്ധത്തിൽ മുറിവേറ്റുവരുന്ന പട്ടാളക്കാരുടെ മുറിവ് ചികിൽസിക്കാൻ പോന്ന പഞ്ഞി കിട്ടാതെയായി അതോടെ പഞ്ഞി ഉപയോഗിച്ച് ബാൻഡേയ്ഡ് ഉണ്ടാക്കിയിരുന്ന കമ്പനികൾക്ക് ബദൽ മാർഗം തേടാതെ വയ്യന്നായി.
കിമ്പർലി ക്ലാർക്ക് എന്ന കമ്പനി പഞ്ഞി ഉപയോഗിക്കാതെ ഒരു ബാൻഡേയ്ഡ് ഉണ്ടാക്കി ‘സെല്ലുകോട്ടൺ’ എന്നായിരുന്നു അതിന്റെ പേര്. കടലാസ് നിർമ്മാതാക്കൾ ആയ ഇവരുടെ ഈ പുതിയ കണ്ടുപിടിത്തമായിരുന്നു മരം സംസ്കരിച്ച് നിർമിച്ച സെല്ലുകോട്ടൺ. സാധാരണ പഞ്ഞി ഉപയോഗിച്ച് നിർമിച്ചിരുന്ന ബാൻഡേയ്‌ഡുകളേക്കാൾ കൂടുതൽ രക്തം ആഗിരണം ചെയാനുള്ള ശേഷി ഇതിനുണ്ടായിരുന്നു. അങ്ങനെ അമേരിക്കയിൽ കിമ്പർലി ക്ലാർക്ക് വൻതോതിൽ സെല്ലുകോട്ടൺ ബാന്ഡേയ്ഡുകൾ വിതരണം ചെയ്യാൻ തുടങ്ങി.പഞ്ഞിയുള്ള ബാന്ഡേയ്ഡിനു പകരം വന്ന സെല്ലുകോട്ടണിന് ഒളിഞ്ഞിരുന്ന മറ്റൊരു ഉപയോഗവും ഉണ്ടായിരുന്നു. എന്നാൽ അത് കണ്ടുപിടിച്ചത് റെഡ് ക്രോസിലെ നഴ്‌സുമാർ ആയിരുന്നു. ആർത്തവ സമയത്ത് നഴ്‌സുമാർ അതുപയോഗിക്കാൻ തുടങ്ങി. ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞതോടെ പട്ടാളക്കാർക്ക് സെല്ലുകോട്ടണിന്റെ ഉപയോഗം ഇല്ലാതെ ആയി. വൻതോതിൽ വിറ്റഴിച്ചിരുന്ന സെല്ലുകോട്ടൺ ബാൻഡേയ്ഡ് ഇനിയെന്തു ചെയ്യുമെന്ന് കിമ്പർലി ക്ലാർക്ക് ചിന്തിച്ചു. അതിനിടെയാണ് റെഡ് ക്രോസ്സ് നഴ്‌സുമാരിൽ നിന്നും സെല്ലുക്കൊട്ടന്റെ പുതിയ ഉപയോഗത്തെ കുറിച്ച് കമ്പനി അറിഞ്ഞത്.
സെല്ലുനാപ് എന്ന പേരിൽ കിമ്പർലി ക്ലാർക്ക് കമ്പനി ഇറക്കാനിരുന്ന ലോകത്തിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ അവരുടെ മാർക്കറ്റിംഗ് ഏജൻസിയുടെ നിർദ്ദേശ പ്രകാരം കോട്ടെക്സ് എന്ന് പേരുമാറ്റി. ‘കോട്ടൺ ടെക്സ്റ്റൈൽ’ എന്നതിന്റെ ചുരുക്ക പേരായിരുന്നു കോട്ടെക്സ്. ഉൽപ്പന്നം വിപണിയിലിറക്കിയ കമ്പനി അതിലേക്ക് പൊതു ശ്രദ്ധ ആകർഷിക്കാൻ പിടിപ്പത് പണിപ്പെട്ടു. അക്കാലത്തു അത്തരമൊരു മാറ്റം സ്ത്രീകൾക്ക് പോലും അത്ര എളുപ്പത്തിൽ സ്വീകാര്യമായിരുന്നില്ല. മാത്രമല്ല ഉൽപ്പന്നം സ്വീകരിക്കാൻ കച്ചവടക്കാർ പോലും വിസമ്മതിച്ചു. ഉൽപ്പന്നത്തിന് വേണ്ട പ്രചാരണം കൊടുക്കാൻ മാധ്യമങ്ങളെ കിട്ടാതെ വന്നു. ഒരുതരത്തിലും മുന്നോട്ട് പോകാനുള്ള മാർഗങ്ങൾ കിട്ടില്ലെന്ന് തോന്നിയ കമ്പനി നിർമ്മാണം നിർത്താമെന്നുപോലും ചിന്തിച്ചു. ഒടുവിൽ ലേഡീസ് ഹോം ജേണൽ എന്ന പ്രസിദ്ധീകരണം ഇതിന്റെ പരസ്യം നൽകി. എന്നാൽ അതിലും ഉല്പന്നത്തിന്റെ ഉപയോഗമോ ഉപയോഗക്രമമോ വ്യക്തമാക്കാൻ അവർ തയ്യാറായില്ല. എന്നാൽ 1945 ആയപ്പോഴേക്കും അമേരിക്കയിലെ വലിയ ഭാഗം സ്ത്രീകളും ഇത്തരത്തിലുള്ള പാഡുകളുടെ ഉപയോഗം തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. വലിയ രീതിയിൽ സ്വീകാര്യത കൈവരിക്കാനും തുടങ്ങി.
ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തമായി പാഡുകൾ ഉണ്ടാക്കി വിതരണം ചെയ്ത കോയമ്പത്തൂരിനടുത്തുള്ള പുതൂര്‍ സ്വദേശിയായ അരുണാചലത്തെ വിസ്മരിക്കാൻ കഴിയില്ല. അരുണാചലത്തിന്റെ സാനിറ്ററി പാഡ് വിപ്ലവത്തിന് 2016ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത പാഡ് മാന്‍ എന്ന ചിത്രവും അരുണാചലത്തിന്റെ ജീവിതത്തിൽ നിന്നും ഉണ്ടായ കഥയാണ്.