സിഐസി സുധീറിനെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കി; കുറ്റപത്രം അംഗീകരിക്കാൻ ആകില്ലെന്ന് മോഫിയായുടെ പിതാവ്

January 19, 2022
103
Views

കൊച്ചി: ആലുവ മോഫിയ പർവീൺ ആത്മഹത്യാ ചെയ്ത കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി മോഫിയയുടെ അച്ഛൻ ദിൽഷാദ് രംഗത്ത്. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് ആരോപണം. ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ല. പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി പോരാ. മകളുടെ ആത്മഹത്യയ്ക്ക് സിഐയും കാരണക്കാരൻ ആണ്. സി ഐ യെ പ്രതിച്ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.

നിയമവിദ്യാർത്ഥി ആയ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഉമ്മ റുഖിയ, പിതാവ് യൂസഫ് എന്നിവരാണ് പ്രതികള്‍. മോഫിയ ഭർത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിച്ച ക്രൂര പീഡനമാണ് ആത്മഹത്യക്കിടയാക്കിയെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു

സുഹൈലിന്‍റെ ജാമ്യാപേക്ഷ ജനുവരി 21ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുഹൈലും മാതാപിതാക്കളും ചേര്‍ന്ന് മോഫിയയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക വൈകൃതങ്ങള്‍ക്കടക്കം സുഹൈല്‍ ഭാര്യയെ ഇരയാക്കി. മോഫിയയുടെ തലകൊണ്ട് മതിലിലിടിച്ചടക്കം അമ്മ റുഖിയ നിര‍ന്തരം മര്‍ദ്ധിച്ചു.

പിതാവ് യൂസഫ് മര്‍ദ്ദനങ്ങള്‍ കണ്ടിട്ടും മൗനം പാലിച്ചു. മോഫിയയുടെ മാതാപിതാക്കളടക്കം ഇടപെട്ടിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഇതെല്ലാം മിടുക്കിയായ നിയമവിദ്യാര്‍ത്ഥിനിയുടെ മാനസികാവസ്ഥക്ക് മാറ്റമുണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണകുറ്റം, കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം സുഹൈലിന്‍റെ പീഡനത്തെകുറിച്ചുള്ള മോഫിയയുടെ പരാതിയില്‍ പൊലീസിനുണ്ടായ വീഴ്ച്ചയെകുറിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. ആലുവ എസ്എച്ച്ഒ അടക്കം ആദ്യപരാതിയിലെടുത്ത അലംഭാവമാണ് അത്മഹത്യക്കിടയാക്കിയതെന്ന് മാതാപിതാക്കള്‍ ആക്ഷേപമുന്നയിച്ചിരുന്നു. ഇതില്‍ മാതാപിതാക്കളുടെ മോഴി മിനിഞ്ഞാന്നെടുത്തു. ഈ അന്വേഷണവും ഉ‍ടന്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.

കഴിഞ്ഞ നവംബര്‍ 23നാണ് മോഫിയ വീട്ടിനുള്ളില്‍ ജീവനൊടുക്കുന്നത് . രണ്ടു ദിവസത്തിനുള്ളില്‍ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ ജാമ്യത്തിലാണ്.

Article Categories:
Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *