കേവലം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്ന കഥയല്ല ഒരു ഗ്രാമത്തിന്റെ കഥയാണ്. ചൈനയുടെ വിദൂര ഗ്രാമമായ യാങ്സിയിലാണ് സംഭവം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കുള്ളന്മാരുടെ ഗ്രാമം എന്നാണ് ഈ പ്രദേശം തന്നെ അറിയപ്പെടുന്നത്. യാങ്‌സി ഗ്രാമത്തിന്റെ നിലനിൽപ്പ് ചൈനയിലെ സർക്കാർ ഒരിക്കലും നിഷേധിച്ചിട്ടില്ലെങ്കിലും, വിദേശികൾക്ക് അവിടെ സന്ദർശിക്കാൻ അനുവാദമില്ല.
യാങ്‌സി ഗ്രാമത്തിലെ 40 % ശതമാനം ആളുകളും കുള്ളന്മാരാണ്. ഒരു പക്ഷെ നിങ്ങൾക്ക് സംശയം തോന്നിയേക്കാം പൊക്കം കുറവുള്ള ഏതാനും വ്യക്തികളുടെ കൂട്ടം ഈ ഗ്രാമത്തിൽ വന്ന് താമസിച്ചതാണോ എന്ന്. എന്നാൽ അങ്ങനെയല്ല, ഈ മനുഷ്യർ എല്ലാം അവിടെ തന്നെ ജനിച്ച് വളർന്നവരാണ്. ഇവരുടെ കൂട്ടത്തിൽ ഏറ്റവും പൊക്കം കൂടിയ ആളുടെ ഉയരം 3 അടി 10 ഇഞ്ചും, ഉയരം ഏറ്റവും കുറവുള്ള ആളുടെ ഉയരം 2 അടി 1 ഇഞ്ചുമാണ്. എന്തുകൊണ്ട് ഇവടത്തുകാർക്ക് ഉയരം വയ്ക്കുന്നില്ല എന്നതിന് പിന്നിൽ പല കിംവദന്തികളും പരക്കുന്നുണ്ട്. എങ്കിലും ശാസ്ത്രത്തിന് ഇതേപ്പറ്റി കൃത്യമായൊരു ഉത്തരം നൽകാൻ ഇത് വരെയും സാധിച്ചിട്ടില്ല. പ്രദേശത്തെ വെള്ളം, അവരുടെ ഭക്ഷണം, മണ്ണ് തുടങ്ങി എല്ലാം ശാസ്ത്രജ്ഞർ പഠന വിധേമായമാക്കിയിരുന്നു. എന്നാൽ ഇതിന് വ്യക്തമായൊരു നിഗമനം ഉണ്ടായിട്ടില്ല.
വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ഒരു അജ്ഞാത രോഗം പിടിപ്പെട്ടെന്നും അന്ന് മുതൽ കുട്ടികളുടെ വളർച്ച മുരടിച്ചുവെന്നും തങ്ങളുടെ സന്തോഷം അവസാനിച്ചെന്നും അവിടത്തുകാർ പറയുന്നു. മാത്രമല്ല അന്ന് മുതൽ ഗ്രാമത്തിൽ പല വൈകല്യങ്ങൾ ഉള്ള കുട്ടികൾ ജനിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു. ഒരോ കാലത്തും പുതിയ കഥകൾ പിറക്കുന്നത് സ്വാഭാവികമാണല്ലോ പ്രത്യേകിച്ചും എടുത്ത് പറയത്തക്ക ശാസ്ത്രീയ തെളിവില്ലാത്ത വിഷയത്തിൽ. അത്തരത്തിൽ മുന്നോട്ട് വന്ന മറ്റൊരു നിഗമനം ഇതായിരുന്നു, ഗ്രാമത്തിലെ മണ്ണിൽ ഉയർന്ന അളവിൽ മെർക്കുറി സാന്ദ്രത ഉണ്ട്. ഇതാണ് ഗ്രാമത്തിന്റെ അവസ്ഥയ്ക്ക് കാരണം. എന്നാൽ ചില കഥകൾ രാജ്യ അതിർത്തി കടന്നും വ്യാപിക്കുന്നുണ്ട്. അതിലൊന്ന് പറയുന്നത് ഈ ശാരീരിക അവസ്ഥ ജപ്പാൻ സൃഷ്ടി ആണെന്നാണ്. ജപ്പാൻ ചൈനയിലേക്ക് വിട്ട വിഷവാതകത്തിന്റെ സ്വാധീനം കാരണമാണ് ഇതെന്ന് ചിലർ വിശ്വസിക്കുന്നു. കഥകൾ നിരവധി പരക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവ് ഒന്നിനുമില്ല എന്നതാണ് വസ്തുത.