ന്യൂഡൽഹി : ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള വലിയ വിപണികളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയാണെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയിൽ പുതിയ ഉൽപന്നങ്ങളും, സർവീസുകളും കൊണ്ടുവരുന്നത് തുടരുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
പുതിയ വിപണികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. എല്ലാവർക്കും തുല്യമായ നിലയിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്; പിച്ചൈ അറിയിച്ചു.
കമ്പനിയുടെ 10 ബില്യൺ ഡോളറിന്റെ പദ്ധതിയായ ‘ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട്’ ഇന്ത്യയുടെ ഭാവിയിലുള്ള ഞങ്ങളുടെ ആത്മവിശ്വാസം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഇവിടെ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ഞങ്ങളുടെ താൽപര്യം എന്നിവയുടെ പ്രതിഫലനമാണ്. ഈ പദ്ധതി ആഗോളതലത്തിൽ തന്നെ മാറ്റം കൊണ്ടുവരാൻ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു; ഇദ്ദേഹം അഭിപ്രായപ്പെട്ടു.