ഗസ്സയിലെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.
ദോഹ: ഗസ്സയിലെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം.
ഹമാസും, ഇസ്രായേലും അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസത്തെ താല്കാലിക യുദ്ധവിരാമത്തിനാണ് വെള്ളിയാഴ്ച രാവിലെ തുടക്കം കുറിക്കുന്നത്.
ബുധനാഴ്ച പ്രഖ്യാപിച്ച കരാര്‍, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കിയ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അല്‍ അൻസാരിയാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
കരാറിെൻറ അടിസ്ഥാനത്തില്‍ ബന്ദികളുടെ കൈമാറ്റവും വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ബന്ദികളില്‍ നിന്നുള്ള ആദ്യ സംഘത്തെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങള്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായും ഖത്തര്‍ അറിയിച്ചു. ഖത്തറിന്റെ നേതൃത്വത്തില്‍ ഈജ്പ്തും അമേരിക്കയുമായി സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കിയത്.
വ്യാഴാഴ്ച രാവിലെ മുതല്‍ ഗസ്സയിലുടനീളം കര, വ്യോമ മാര്‍ഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേല്‍ സേന നടത്തിയത്. ഹമാസിന്റെ സൈനികകേന്ദ്രവും ഭൂഗര്‍ഭ അറയും ആയുധസംഭരണ കേന്ദ്രങ്ങളും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിശദീകരണം. യുദ്ധം നിര്‍ത്താൻ ഉദ്ദേശ്യമില്ലെന്നും അന്തിമ വിജയം കൈവരിക്കുംവരെ മുന്നോട്ടുപോകുമെന്നും ഇസ്രായേലി സൈനിക മേധാവി ഹെര്‍സി ഹാലവി പ്രഖ്യാപിക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 പേരുടെ ആദ്യ സംഘത്തെയാണ് വെള്ളിയാഴ്ച മോചിപ്പിക്കുന്നത്. എത്ര ഫലസ്തീനികള്‍ വെള്ളിയാഴ്ച മോചിപ്പിക്കപ്പെടുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താൻ കഴിയില്ല.സമ്ബൂര്‍ണ വെടിനിര്‍ത്തലും, മേഖലയിലെ സമാധാനം പുനസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, ഇസ്രായേലിന്റെ രണ്ടു സൈനിക വാഹനങ്ങള്‍ തകര്‍ത്തതായി അല്‍ഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. ബൈത്ത് ഹാനൂൻ മുതല്‍ ജബലിയ വരെ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് അല്‍ ഖസ്സാം ബ്രിഗേഡും അറിയിച്ചു. കമാൻഡര്‍ റാങ്കിലുള്ള ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഇതോടെ കരയുദ്ധം ആരംഭിച്ചതു മുതല്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 72 ആയി.