കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര നട തുറന്നു.
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എന്‍.
മഹേഷ് നമ്ബുതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ശേഷം ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളിലും മേല്‍ശാന്തി വിളക്കുകള്‍ തെളിച്ചു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നതോടെ ഭക്‌തര്‍ പതിനെട്ടു പടികള്‍ കയറി ദര്‍ശനമാരംഭിച്ചു. അയ്യപ്പഭക്‌തര്‍ക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്‌തു.മാളികപ്പുറം മേല്‍ശാന്തി മുരളി നമ്ബൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. നട തുറന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല. കുംഭം ഒന്നായ 14 ന് പുലര്‍ച്ചെ അഞ്ചിന് തിരുനട തുറക്കും.തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതല്‍ 7 മണി വരെയും 9 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം നടക്കും.രാവിലെ 7.30 ന് ഉഷപൂജ തുടര്‍ന്ന് ഉദയാസ്‌തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്‌ക്കും.നട തുറന്നിരിക്കുന്ന 14 മുതല്‍ 18 വരെ എല്ലാ ദിവസവും ഉദയാസ്‌തമയ പൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18 ന് രാത്രി കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടയ്‌ക്കും.