സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയര്‍ത്ഥിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ദയാധനമായി 34 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഏപ്രില്‍ 16നകം ഈ പണം നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കും. ഇനി കുടുംബത്തിന് മുന്നിലുള്ളത് 9 ദിവസം മാത്രം. മകന്റെ മോചനത്തിനായി സുമനസ്സുകള്‍ക്ക് മുമ്ബില്‍ കൈ നീട്ടുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവ്.
8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്ദു റഹീമിന്റെ 26-ാം വയസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ ജോലിക്ക് പുറമേ സ്പോണ്‍സറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച് പ്രത്യേക ഉപകരണങ്ങള്‍ വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. അബ്ദുറഹീമും കുട്ടിയും വാഹനത്തില്‍ യാത്ര ചെയ്യുമ്ബോള്‍ അബ്ദുറഹീമിന്റെ കൈ ഈ ഉപകരണത്തില്‍ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു. പിന്നീട് കുട്ടി മരിച്ചു.
കുട്ടി മരിച്ചതോടെ ഇത് മറച്ചുവെക്കാന്‍ അബ്ദുറഹീം ശ്രമിച്ചു. സംഭവം നടന്നയുടന്‍ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി സഹായം തേടിയിരുന്നു. പിടിച്ചുപറിക്കാന്‍ അബ്ദുറഹീമിനെ ബന്ദിയാക്കി കുട്ടിയെ ആക്രമിച്ചു എന്ന രീതിയില്‍ രണ്ടു പേരും കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസെത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ ബന്ധുവിന് 10 വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകള്‍ പരിഗണിച്ച് അബ്ദുറഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.
വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നല്കാന് തയ്യാറായി. കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഏപ്രില്‍ 16നുള്ളില്‍ ഈ തുക നല്കിയാല് അബ്ദുറഹീം ജയില്‍ മോചിതനാകും. സുമനസുകള്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവും കുടുംബവും.