കോഴിക്കോട്: ആര്.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മകന് അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് കെ.കെ. രമ എം.എല്‍.എയ്ക്ക് ഭീഷണിക്കത്ത്. കഴിഞ്ഞ ദിവസമാണ് എം.എല്‍.എ ഓഫിസിന്റെ വിലാസത്തില്‍ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച് റൂറല്‍ എസ്.പിയ്ക്ക് പരാതി നല്കി. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ് കത്തിലെ വരികള്‍.അഭിനന്ദിന്റെ തല തെങ്ങിന് പൂക്കുല പോലെ ചിതറും. എ.എന്‍. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആര്.എംപി.ക്കാര് പങ്കെടുക്കരുതെന്നും എന്‍. വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തില്‍ പറയുന്നു. റെഡ് ആര്‍മി, പി.ജെ ബോയ്സ് എന്ന പേരിലാണ് കത്ത് അയച്ചിട്ടുള്ളത്.
‘സി.പി.എമ്മിനെതിരെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീര്‍ത്തതു പോലെ 100 വെട്ടുവെട്ടി തീര്‍ക്കും. കെ.കെ.രമയുടെ മകന് അഭിനന്ദിനെ അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവര്‍ ചെയ്തതു പോലെയല്ല ഞങ്ങള്‍ ചെയ്യുക. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്.എംപി.ക്കാരെ കാണരുത്”- കത്തില്‍ എഴുതിയതിങ്ങനെ.