തിരുവനന്തപുരം: താലിബാന്‍ തീവ്രവാദികള്‍ മലയാളം സംസാരിക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അവര്‍ സംസാരിക്കുന്നത് മലയാളമല്ലെന്ന് ശശി തരൂര്‍ എം.പിയെ തിരുത്തി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നു.
താലിബാന്‍ സംഘത്തില്‍ മലയാളികളുണ്ടോ എന്ന സംശയമുന്നയിച്ചായിരുന്നു തരൂര്‍ താലിബാന്റെ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ വീഡിയോ പലതവണ കേട്ടുവെന്നും, അതില്‍ മലയാളം പറയുന്നില്ലെന്നും എന്‍.എസ്.മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. എന്തിനാണ് മലയാളികളെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നാണ് എന്‍ എസ് മാധവന്‍ ശശി തരൂരിനോട് ചോദിച്ചത്.
‘ഈ വീഡിയോ പല തവണ കേട്ടു. ഇയാള്‍ ‘സംസാരിക്കട്ടെ’ എന്ന് പറയുന്നില്ല. അറബിയില്‍ ഹോളി വാട്ടര്‍ എന്നര്‍ത്ഥം വരുന്ന സംസം എന്നോ, തമിഴില്‍ ഭാര്യ എന്നര്‍ത്ഥം വരുന്ന സംസാരം എന്നോ മറ്റോ ആണ് പറയുന്നത്. അതുമല്ലെങ്കില്‍ അയാള്‍ തന്റെ ഭാഷയില്‍ മറ്റെന്തോ ആണ് പറയുന്നത്. ഈ വാക്കാണ് എം.പിയെ പ്രേരിപ്പിച്ചതെങ്കില്‍, എന്തിനാണ് മലയാളികളെ ഇതിലേക്ക് വലിച്ചിഴക്കുന്നത്.’ എന്‍.എസ്.മാധവന്‍ ട്വീറ്റില്‍ ചോദിക്കുന്നു.