ന്യൂഡല്‍ഹി: രാജ്യത്ത് 1.6 കോടി പേരാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ഇടവേളയായ 16 ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യകത്മാകുന്നു.
മേയ് 2 വരെ (16 ആഴ്ച മുമ്ബ്) ആദ്യ ഡോസ് എടുത്തവരുടേയും അതിനു ശേഷം ഇതു വരെ രണ്ടാം ഡോസ് എടുത്തവരുടേയും കണക്കുകള്‍ താരതമ്യം ചെയ്തപ്പോഴാണ് അതില്‍ 1.6 കോടിയുടെ വ്യത്യാസം കണ്ടെത്തുന്നത്. രണ്ടാം ഡോസ് സമയത്തിന് എടുക്കാന്‍ പറ്റാത്തവരില്‍ മുതിര്‍ന്ന പൗരന്മാരും ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണന പട്ടികയിലുള്ളവരും 45 വയസിനു മുകളില്‍ പ്രായമുള്ളവരും ആണ് കൂടുതലും. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പത്രകുറിപ്പുകളില്‍ തന്നെയാണ് ഞെട്ടിപ്പിക്കുന്ന വിവരം ഉള്ളത്.
കഴിഞ്ഞ മേയ് 13നാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ തമ്മില്‍ 16 ആഴ്ച വരെ ഇടവേളയാകാം എന്ന് അറിയിക്കുന്നത്. അതേസമയം മറ്റൊരു കൊവിഡ് വാക്സിനായ കൊവാക്സിന്റെ ഇടവേള നാലു മുതല്‍ ആറ് ആഴ്ച വരെ മാത്രമാണ്. ഇന്ത്യയില്‍ നല്‍കിയിട്ടുള്ളതില്‍ 85 ശതമാനം ഡോസുകളും കൊവിഷീല്‍ഡ് വാക്സിനുകളാണ്.