കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കള്‍ തെങ്കാശിയില്‍ വാഹനാപകടത്തില്‍ മരിച്ചു

January 28, 2024
34
Views

കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കള്‍ തെങ്കാശിയില്‍ വാഹനാപകടത്തില്‍ മരിച്ചു.

ചെങ്കോട്ട: കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങിയ ആറ് യുവാക്കള്‍ തെങ്കാശിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ കാർത്തിക് (28) വേല്‍ മനോജ് (24) പുളിയങ്കുടി സ്വദേശികളായ പോത്തിരാജ് (30), സുബ്രഹ്മണ്യൻ (27), മനോ സുബ്രഹ്മണ്യൻ (17) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തെങ്കാശി പുളിയങ്കുടിക്ക് സമീപം അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. വാടകയ്ക്ക് എടുത്ത കാറിലാണ് അവധിദിനത്തില്‍ സുഹൃത്തുക്കളായ ആറുപേരും കുറ്റാലത്തേക്ക് എത്തിയത്. ദിവസം മുഴുവൻ കുറ്റാലത്ത് ചെലവഴിച്ച ശേഷമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

അപകടത്തെ തുടർന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ആറുപേരെയും ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എതിരെ വന്ന സിമന്‍റ് ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്ന നിലയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി തിരുനെല്‍വേലി സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പുളിയങ്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ തിരുനെല്‍വേലി സർക്കാർ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലുണ്ട്. പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *