ഉടുത്തിരുന്ന ചുവന്ന മുണ്ട് അഴിച്ച്‌ വീശി ട്രെയിന്‍ നിര്‍ത്തിച്ചു, കുട്ടിക്കളിയുടെ പേരില്‍ പുലിവാല് പിടിച്ച്‌ അഞ്ച് കുട്ടികള്‍

August 20, 2021
176
Views

തിരൂര്‍ : കുളിയ്ക്കാന്‍ പോവുന്നതിനിടെ ചുവന്ന മുണ്ട് വീശി ട്രെയിന്‍ നിര്‍ത്തിച്ച്‌ കുട്ടികള്‍. നിറമരുതൂര്‍ മങ്ങാട് സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കുട്ടിക്കളിയുടെ പേരില്‍ പുലിവാലുപിടിച്ചത്.

തിരൂര്‍ റെയില്‍സ്റ്റേഷന് സമീപം തുമരക്കാവ് ക്ഷേത്രത്തിനടുത്ത് കുളത്തില്‍ കുളിക്കാന്‍പോയ സംഘം കുട്ടികളില്‍ ഒരാള്‍ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിര്‍ത്തിക്കുകയായിരുന്നു.

കോയമ്ബത്തൂര്‍ മംഗലാപുരം എക്‌സ്പ്രസ് കടന്നു പോകുമ്ബോള്‍ കുട്ടികളിലൊരാള്‍ തുമരക്കാവ് വെച്ച്‌ ഉടുത്ത ചുവന്ന മുണ്ടഴിച്ച്‌ പാളത്തിനടുത്തു നിന്ന് വീശുകയായിരുന്നു. കുട്ടികളുടെ ഇടപെടല്‍ അപകട സാധ്യത മുന്നില്‍ കണ്ടാണ് എന്ന് സംശയിച്ച ട്രെയിന്‍ നിര്‍ത്തി.

എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചായിരുന്നു ട്രെയിന്‍ നിര്‍ത്തിയത്. എന്നാല്‍ ഇതോടെ കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചുമിനിറ്റോളം ഇവിടെ തീവണ്ടി നിര്‍ത്തിയിടുകയും ചെയ്തു. സംഭവം സ്റ്റേഷന്‍മാസ്റ്ററെയും റെയില്‍വേ സുരക്ഷാസേനയെയും അറിയിക്കുകയും ചെയ്തു.

സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നിറമരുതൂര്‍ പഞ്ചായത്തിലുള്ള ഇവരെ കണ്ടെത്തിയ സിആര്‍പിഎഫ് താക്കീതു ചെയ്തതിനു ശേഷം മലപ്പുറം ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തുകയും ചെയ്തു.

സിആര്‍പിഎഫ് എസ്‌ഐ ഷിനോജ്, എഎസ്‌ഐ പ്രമോദ് എന്നിവരായിരുന്നു അന്വഷണം നടത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *