മോദി അവതാര പുരുഷന്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വില ലിറ്ററിനു 20 – 30 രൂപ വരെ കുറയും; നടന്‍ കൃഷ്ണ കുമാര്‍

September 16, 2021
218
Views

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ കീഴില്‍ കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണ കുമാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു.

മോദി അവതാര പുരുഷനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇരുപത് മുതല്‍ മുപ്പതു രൂപവരെ കുറയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായമെന്നും, കേന്ദ്രം കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ കേരളത്തിനു വേണ്ടെന്നാണ് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമ്മള്‍ ഭാരതീയര്‍ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം സുന്ദരമാണ്. എന്ന് വച്ച്‌ മറ്റു രാജ്യങ്ങള്‍ മോശമെന്നല്ല. ഏതൊക്കെ രാജ്യങ്ങളില്‍ യാത്ര ചെയ്താലും, അവിടയൊക്കെ സുന്ദരമായ സ്ഥലങ്ങളും, മനുഷ്യരേയും കാണാറുണ്ട്. നല്ല നല്ല നിമിഷങ്ങള്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കാറുമുണ്ട്. എന്നാലും തിരിച്ചു വന്നു, നമ്മുടെ വീട്ടിലെ കട്ടിലില്‍ കിടക്കുമ്ബോള്‍ ഒരു സുഖമുണ്ട്.. അതെന്താണെന്നു അറിയില്ല. ചിലപ്പോ വീടിനോടുള്ള ഇഷ്ടമാകാം, നാടിനോടുള്ളതാകാം, അത് ചിലപ്പോള്‍ രാജ്യ സനേഹം കൊണ്ടുമാകാം.

എനിക്കേറ്റവും ഇഷ്ടപെട്ട രാജ്യം ഭാരതം തന്നെ. അതുകൊണ്ട് തന്നെ എന്റെ രാജ്യം ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി കാണാന്‍ നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കുന്നതും, അതിനായി പല ത്യാഗങ്ങള്‍ സഹിച്ചതും, സഹിച്ചുകൊണ്ടിരിക്കുന്നതും. രാജ്യപുരോഗതിയുടെ ഒരു പ്രധാന വരുമാനമാര്‍ഗം പലവിധ ടാക്‌സുകളിലൂടെയാണെന്നു നമുക്കേവര്‍ക്കും അറിവുള്ളതാണ്. അതില്‍ പ്രധാനം പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുമാണ്. 1947 ല്‍ സ്വതന്ത്രമായ ഭാരതത്തെ അഴിമതിയും, ആരാജകത്വത്താലും പടുകുഴിയിലേക്ക് തള്ളിയിട്ടു, സര്‍വമേഖലകളേയും തളര്‍ത്തി ശത്രുകളായ അയല്‍ രാജ്യത്തിനു തീറെഴുതി കൊടുക്കുന്ന അവസരത്തിലാണ്, നല്ലവരായ ഭൂരിപക്ഷം ഭാരതീയരുടെ മനസുരുകിയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ഭാരതത്തെ രക്ഷിക്കുവാന്‍ ശ്രീ നരേന്ദ്ര മോദി എന്ന അവതാരപുരുഷന്‍ ഭരണത്തില്‍ വന്നത്. അന്ന് മുതല്‍ ഭാരതം അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്.

അടിസ്ഥാന സൗകര്യ വികസനം(റോഡ്, റെയില്‍, വിമാനത്താവളം,വാര്‍ത്താവിനിമയം), സ്ത്രീ സുരക്ഷ, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ഭക്ഷ്യ സുരക്ഷ, സ്വച്ഛ് ഭാരത് തുടങ്ങി മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, ഇന്ത്യയുടെ അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പുവരുത്തുന്ന നമ്മുടെ സേനഅംഗങ്ങള്‍…, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിന്റെ പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ ദേശസനേഹികളായ ഭാരതീയര്‍ മോഡി സര്‍ക്കാരിനെ വന്‍പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിച്ചു.

നമ്മുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട്, ചില ശത്രു രാജ്യങ്ങള്‍ ഇതിനു തടയിടാനായി ഇന്ത്യയ്ക്കകത്തുള്ള, ഏതാനും നമ്മുടെ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചു, അവരുടെ സഹായത്താല്‍ പലവിധ സമരങ്ങളും നടത്തിനോക്കി. ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞു സമരക്കാരെ തഴഞ്ഞതോടെ, എല്ലാം തകര്‍ന്നടിഞ്ഞു. ഇതിനിടയിലാണ് കൊവിഡെന്ന മഹാമാരിയുടെ വരവ്. 80 കോടി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തും, വികസിത രാജ്യങ്ങള്‍ക്ക് പോലും കഴിയാത്ത രീതിയില്‍ കൊവിഡിനെ തളച്ചതും, സ്വന്തമായി വാക്‌സിന്‍ കണ്ടെത്താന്‍ കഴിഞ്ഞതും ഭരതത്തിന്റെ മികവായി ലോകം പ്രകീര്‍ത്തിച്ചു. അപ്പോഴും ഒരു വശത്തു എന്നും ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു. ‘പെട്രോള്‍, ഡീസല്‍ വിലകുറക്കൂ’ പെട്രോള്‍ ഡീസല്‍….. അതങ്ങനെയാണ്.. എന്ത് നല്ല കാര്യങ്ങള്‍ ചെയ്താലും അതിന്റെ മഹത്വം കുറക്കാനായി ‘കരച്ചില്‍ ടീമുകള്‍’ ഇറങ്ങും. ഇനിയവര്‍ക്ക് കരച്ചില്‍ നിര്‍ത്തി അലറി വിളിക്കാം..

ഈ വരുന്ന 17 ആം തിയതി കൂടുന്ന ജിഎസ്ടി കൗണ്‍സിലില്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രഗവണ്മെന്റ് തയ്യാറാണെന്നു വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. അങ്ങനെയെങ്കില്‍ ലിറ്ററിനു 20 മുതല്‍ 30 രൂപ വരെ കുറയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പക്ഷെ ‘കരച്ചില്‍ ടീമുകള്‍ക്ക്’ ഇരുട്ടടിയായി കേരളസര്‍ക്കാര്‍ ആണ് ആദ്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. അടിപൊളി.! അതായത് കേന്ദ്രം കുറക്കാമെന്നു പറഞ്ഞപ്പോള്‍ കേരളത്തിനു വേണ്ട എന്ന്. ബെസ്റ്റ്..! ആദ്യം ഞാന്‍ കരുതി, തെറ്റായ വാര്‍ത്ത ആണോ എന്ന്. ഗൂഗിളില്‍ കേറി നോക്കിയപ്പോള്‍, ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെല്ലാം ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളും, ചാനലുകളുമാണ്.. ഇത് ഞാനായിട്ട് ഉണ്ടാക്കിയ ഒരു വാര്‍ത്തയല്ല . അതിനാല്‍ എന്നെ തെറി വിളിച്ചിട്ട് വലിയ പ്രയോജനവുമില്ല. അപ്പൊ, കാര്യങ്ങള്‍ ഒക്കെ ഏകദേശം പിടികിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു..ഇനി ഊപി.. പീപ്പി എന്ന് പറഞ്ഞു കരഞ്ഞിട്ടും കാര്യമില്ല. കൊറോണ കേസുകളെ അവിടെ യോഗി സര്‍ക്കാര്‍ മൂന്നക്കത്തില്‍ തളച്ചു . ന്യായീകരിക്കാന്‍ നല്ല ക്യാപ്‌സ്യൂളുകള്‍ക്കായി വിഷമിക്കുന്നവര്‍ക്ക് നല്ല സജ്ജഷന്‍സ് ഉണ്ടെങ്കില്‍ കമെന്റബോക്‌സില്‍ ഇടാന്‍ മറക്കേണ്ട.. അവരും ജീവിച്ചു പോകട്ടെ.. അതിനിടയില്‍ ഒരു ബ്രെക്കിങ് ന്യൂസുണ്ട്. സാംസ്‌കാരിക നായകന്മാര്‍ തൊണ്ടവേദന മൂലം ഒരാഴ്ച കൂട്ട അവധിയിലാണ്… സമയം വൈകുന്നു. നന്മ പറഞ്ഞു നിര്‍ത്താം. ഭാരതത്തിന്റെയും ഭാരതീയരുടേയും ഉന്നമനത്തിനായി പ്രാത്ഥിച്ചുകൊണ്ടും, മോദിസര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ടും അവസാനിപ്പിക്കുന്നു.. ജയ് ഹിന്ദ്..

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *