ഹരിപ്പാട്: പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന എസ്.ഡി.പി.ഐ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി എ.ഡി.ജി.പി വിജയ് സാഖറെ. ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാല്‍ ജോലി രാജിവെക്കുമെന്ന് എ.ഡി.ജി.പി പറഞ്ഞു. നിലവില്‍ ഇരു കേസുകളിലും അറസ്റ്റിലായവര്‍ കൃത്യത്തില്‍ നേരിട്ട പങ്കെടുത്തവരെല്ലെന്നും എ.ഡി.ജി.പി പറഞ്ഞു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതക കേസില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവ് അഷ്‌റഫ് മൗലവി പറഞ്ഞിരുന്നത്.
ഇന്നലെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്ന് രണ്ടു പേരെ പൊലീസ് കൊണ്ടുപോയി. രാത്രി കൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഡി.വൈ.എസ്.പി ഓഫീസില്‍ ക്യാമറയുള്ളതിനാല്‍ എ.ആര്‍ ക്യാമ്പില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് ഇരുട്ടിലേക്ക് മാറ്റിനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. അതിലൊരാള്‍ക്ക് മൂത്രം പോകാത്ത അവസ്ഥ വന്നു. മറ്റു ശാരീരിക പ്രശ്‌നങ്ങളും വന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പറഞ്ഞത് പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്നാണ്. മാറ്റിനിര്‍ത്തി മര്‍ദ്ദിക്കുമ്പോള്‍ അവര്‍ പറയുന്നത് ജയ് ശ്രീറാം വിളിക്കാനാണ്. സനാതന ധര്‍മാധിഷ്ഠിത ഹൈന്ദവതയില്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീരാമന്‍. ഇന്നു ശ്രീരാമന്റെ പേരു കേള്‍ക്കുമ്പോള്‍ കുറേയാളുകള്‍ ഭയപ്പെടേണ്ട സ്ഥിതിയാണ് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശ്രീരാമന്റെ പേരു പറഞ്ഞ് കൊല വിളിക്കുന്നു. പൊലീസുകാര്‍ അതുവിളിക്കാന്‍ നിര്‍ബന്ധിക്കുന്നു” എന്നാണ് അഷ്‌റഫ് പറഞ്ഞത്.
ആലപ്പുഴ ജില്ല പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നന്നെും ആര്‍.എസ്.എസിന്റെ അജണ്ഡയ്ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രഞ്ജിത്ത് കൊലപാതക കേസില്‍ കസ്റ്റഡിയിലായ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, ഹര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തിയിരുന്നു.