ആന്റണി പെരുമ്പാവൂര്‍ പിന്‍മാറി; മരയ്ക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിളിച്ച യോഗം മാറ്റി

November 5, 2021
182
Views

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ റിലീസ് തര്‍ക്കം പരിഹരിക്കാന്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കാട്ടി മരക്കാര്‍ സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തി. എന്നാല്‍ സംഘടനാ പ്രതിനിധികളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം. എല്ലാവര്‍ക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയില്‍ ചര്‍ച്ച നടത്തുമെന്നുമാണ് അറിയിപ്പ്. കൊല്ലത്തായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്.

പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീയേറ്ററുകാരേയും നിര്‍മ്മാതാക്കളെയും ഒരുപോലെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുത്തത്. താന്‍ മന്ത്രിയാണങ്കില്‍ സിനിമ മേഖലയെ ഒറ്റക്കെട്ടായി നയിക്കുമെന്നായിരുന്നു ചര്‍ച്ചയെ കുറിച്ച് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ഇടപെടല്‍ മന്ത്രി എന്ന നിലയില്‍ അത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

സിനിമ മേഖല സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇന്നലെയുണ്ടായ ചര്‍ച്ചയില്‍ രണ്ട് ഡോസ് വാക്സിന്‍ എന്നത് ഒരു ഡോസ് ആക്കി മാറ്റി. വിനോദ നികുതി ഒഴിവാക്കി. സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് ആശ്വാസകരമായ തീരുമാനമാണ്. കൊല്ലത്ത് നടക്കാന്‍ പോകുന്ന യോഗത്തില്‍ ചിത്രം തീയേറ്റര്‍ റിലീസ് ആണോ എന്നുള്ള കാര്യത്തില്‍ തീരുമാനമാകും. ചിത്രം ഒടിടിയില്‍ പോകാതെ നിര്‍മ്മാതാക്കളെ എങ്ങനെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ചര്‍ച്ച ചെയ്യുക. ആന്റണിക്ക് നഷ്ടം വാരാത്ത രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം. തീയേറ്ററുകരേയും നിര്‍മ്മാതാക്കളെയും ഒരുപോലെ സംരക്ഷിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്നാല്‍, മരയ്ക്കാര്‍ എന്ന സിനിമയുടെ തീയറ്റര്‍ റിലീസ് സംബന്ധിച്ച് ഇനി ചര്‍ച്ചകളില്ലെന്ന് നേരത്തെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്നത്.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *