ഇന്ത്യയിലെ വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.
ഇന്ത്യയിലെ വാട്ട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പ്രധാനമായും സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലൂടെയാണ് മൊബൈല്‍ ബാങ്കിങ് ട്രോജനുകള്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്.
അതിനായി വാട്ട്‌സ്‌ആപ്പ്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു .
ആക്രമണകാരികള്‍ സോഷ്യല്‍ എഞ്ചിനീയറിങ് തന്ത്രങ്ങള്‍ പയറ്റിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ബാങ്കുകളും സര്‍ക്കാര്‍ ഏജൻസികളുമടക്കമുള്ള സേവനദാതാക്കളായി ആള്‍മാറാട്ടം നടത്തി ഉപയോക്താക്കളെ ബന്ധപ്പെടുന്നു. പിന്നാലെ, അവരുടെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് അപകടകാരികളായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിക്കും.
ഒരിക്കല്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ അത്തരം ആപ്പുകള്‍ വ്യക്തിഗത വിശദാംശങ്ങള്‍, ബാങ്കിംഗ് ക്രെഡൻഷ്യലുകള്‍, പേയ്‌മെന്റ് കാര്‍ഡ് ഡാറ്റ, അക്കൗണ്ട് ലോഗിൻ വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ മോഷ്‌ടിക്കുന്നു. അത്തരം വിവരങ്ങള്‍ ലഭിക്കുന്നതോടെ വലിയ സാമ്ബത്തിക തട്ടിപ്പുകള്‍ നടത്താൻ സൈബര്‍ കുറ്റവാളികള്‍ക്ക് കഴിയും.
ഏതെങ്കിലും ബാങ്കിന്റെ പേരില്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിക്കും. എന്തെങ്കിലും സേവനം ഉപയോഗപ്പെടുത്താനായി അവരുടെ ഔദ്യോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുകയും അതിനായി ഒരു ലിങ്കും ഒപ്പം വെക്കുകയും ചെയ്യും. സന്ദേശം ലഭിച്ചയാള്‍ ലിങ്ക് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു. ആപ്പ് ഓപ്പണ്‍ ചെയ്തുകഴിഞ്ഞാല്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനുകള്‍ വരും.
ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകളും ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകളുമടങ്ങുന്ന രണ്ട് തരം അപകടകരമായ ആപ്പുകളെ കുറിച്ചാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷനേടാനായി ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളില്‍നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. വാട്സ്‌ആപ്പില്‍ നിന്നും എസ്.എം.എസില്‍ നിന്നുമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ സൂക്ഷിക്കണമെന്നും മൈക്രോസോഫ്ട് മുന്നറിയിപ്പ് നല്‍കുന്നു