അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചു; തുക ബാങ്ക് നല്‍കണമെന്ന്‌ ഉത്തരവ്‌

August 17, 2023
37
Views

ഉപഭോക്താവ് അറിയാതെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് മൂന്നു തവണയായി പണം പിന്‍വലിച്ച്‌ 1,60,000 രൂപ നഷ്‌ടപ്പെട്ടതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്‌ടപരിഹാരം

കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് മൂന്നു തവണയായി പണം പിന്‍വലിച്ച്‌ 1,60,000 രൂപ നഷ്‌ടപ്പെട്ടതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍.

കമ്മീഷന്‍ പ്രസിഡന്‍റ് ഡി.ബി. ബിനു , മെംബര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

ബാങ്കിന്‍റെ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ബ്രാഞ്ചില്‍ അക്കൗണ്ടുള്ള മൂവാറ്റുപുഴ സ്വദേശി പി.എം.സലീമിനാണ് ദുരനുഭവമുണ്ടായത്. 2018 ഡിസംബര്‍ 26, 27 തീയതികളില്‍ മൂന്നു തവണയായാണു അക്കൗണ്ടില്‍നിന്ന് പണം നഷ്‌ടമായത്. സ്വന്തം ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ മുളന്തുരുത്തിയിലെ എടിഎമ്മില്‍ കയറിയപ്പോഴാണ് പണം നഷ്‌ടമായ വിവരം സലീം അറിയുന്നത്.

ഉടന്‍തന്നെ ബാങ്കിനെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. ഓംബുഡ്‌സ്മാൻ 80,000 രൂപ നല്‍കാന്‍ വിധിച്ചിരുന്നു. തുടര്‍ന്ന് ബാക്കി ലഭിക്കാനുള്ള തുകയ്ക്കാണ് ഉപഭോക്താവ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍നിന്നു പണം നഷ്‌ടപ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

പരാതിയില്‍ കഴമ്ബുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍ ഉപഭോക്താവിന് നല്‍കാനുള്ള 70000 രൂപയും കൂടാതെ 15,000 രൂപ നഷ്‌ടപരിഹാരവും 30 ദിവസത്തിനുള്ളില്‍ നല്‍കാന്‍ ബാങ്കിന് ഉത്തരവ് നല്‍കി. പരാതിക്കാരനുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *