പ്രായം 81, ചരിത്രം തിരുത്തി ബൈഡൻ

November 21, 2023
26
Views

വാഷിംഗ്ടണ്‍ : 81ാം പിറന്നാള്‍ ആഘോഷിച്ച്‌ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 1942 നവംബര്‍ 20ന് പെൻസില്‍വേനിയയിലെ സ്‌ക്രാൻടണിലാണ് ബൈഡന്റ് ജനനം.

1972 മുതല്‍ ആറ് തവണ ഡെലവെയറില്‍ നിന്ന് സെനറ്റര്‍ ആയ അദ്ദേഹം ബറാക് ഒബാമയുടെ കാലത്ത് യു.എസിന്റെ 47ാമത് വൈസ് പ്രസിഡന്റായി. ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി 2021ല്‍ അധികാരത്തിലെത്തിയ അദ്ദേഹം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്. 70ാം വയസില്‍ സത്യപ്രതിജ്ഞ ചെയ്ത ട്രംപിന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. 78ാം വയസിലാണ് ബൈഡൻ ചുമതലയേറ്റത്.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡൊമാക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാനുള്ള തയാറെടുപ്പുകളിലാണ് ബൈഡൻ. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായത്തില്‍ ആശങ്കയേറുന്നവരുടെ എണ്ണം യു.എസില്‍ ഉയരുന്നെന്നാണ് കണക്ക്. പൊതുപരിപാടികളില്‍ അദ്ദേഹത്തിന് സംഭവിക്കാറുള്ള നാക്കുപിഴകളും ബാലൻസ് തെറ്റി ഇടയ്ക്കുള്ള വീഴ്ചകളും ഇതിന് ആക്കം കൂട്ടുന്നു. ബൈഡൻ പൂര്‍ണ ആരോഗ്യവാനാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേ സമയം, ബൈഡന്റെ പ്രായക്കൂടുതല്‍ എതിരാളിയായ ട്രംപിന്റെ ആയുധങ്ങളില്‍ ഒന്നാണ്. ട്രംപിന് 77 വയസുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും അദ്ദേഹത്തിന്റെ പ്രായത്തില്‍ ആശങ്കയില്ല. റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ പ്രസിഡൻഷ്യല്‍ നോമിനേഷൻ നേടാനുള്ള ഉള്‍പ്പാര്‍ട്ടി പോരില്‍ ട്രംപുമുണ്ട്. 2020ല്‍ സംഭവിച്ച പോലെ ഇരുവരും തമ്മിലെ ശക്തമായ ഏറ്റുമുട്ടലിന് യു.എസ് വീണ്ടും വേദിയായേക്കുമെന്നാണ് പ്രതീക്ഷ.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *