‘മമ്മീ ‘ എന്ന് വിളിച്ച മകന്റെ കൂട്ടുകാരന്‍ ഇങ്ങനെ ചെയ്യുമെന്ന് വീട്ടമ്മ കരുതിയില്ല, മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി വിറ്റ 20 കാരനെ കസ്റ്റമറായെത്തി പൊലീസ് പിടികൂടി

September 4, 2021
200
Views

പാലാ : വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പണം വാങ്ങി പലര്‍ക്കും കൊടുത്ത യുവാവിനെ പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസണിന്റെ നേതൃത്വത്തില്‍ പിടികൂടി. വള്ളിച്ചിറ, മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്ബില്‍ ജെയ്‌മോന്‍ (20 ) ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങള്‍ അവരറിയാതെ കാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച്‌ ജെയ്‌മോന്‍ പണം സമ്ബാദിക്കുകയായിരുന്നു. ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നിവിടങ്ങളില്‍ വീട്ടമ്മയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. അപരിചിതരായ ആളുകളോട് ഈ സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്താണ് സൗഹൃദം സ്ഥാപിച്ചത്.

നഗ്നഫോട്ടോകള്‍ ആവശ്യപ്പെടുമ്ബോള്‍ പണം നല്‍കിയാല്‍ കാണിക്കാം എന്ന് മറുപടി നല്‍കി. ഗൂഗിള്‍പേ വഴി പണം കൈക്കലാക്കുകയായിരുന്നു രീതി. ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് ഇങ്ങനെ സമ്ബാദിച്ചത്.

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിപ്രകാരം 2020 സെപ്തംബര്‍ 18 ന് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു വര്‍ഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാതെ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് പ്രതിക്കെതിരെ നിലവിലുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെങ്ങണയിലുള്ള ബന്ധുവീട്ടില്‍ നിന്നാണ് ജെയ്‌മോനെ പിടികൂടിയത്. പാലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

‘കസ്റ്റമറായി ‘ ചമഞ്ഞ് പൊലീസ് ചാറ്റ് ചെയ്തു, ഒടുവില്‍ കുടുങ്ങി

തന്ത്രപരമായാണ് പ്രതിയെ പൊലീസ് കുടുക്കിയത്. ഒരാളെ കസ്റ്റമറായി അവതരിപ്പിച്ച്‌ ജെയ്‌മോനുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് പണം കൊടുത്ത് വീട്ടമ്മയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ കൈക്കലാക്കി തെളിവ് ഉറപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. 250 മുതല്‍ 2000 രൂപ വരെയാണ് ഇയാള്‍ ചിത്രങ്ങള്‍ക്കായി പലരില്‍ നിന്നും ഈടാക്കിയിരുന്നത്. അറുന്നൂറോളം പേര്‍ പണം കൊടുത്ത് ഇയാളില്‍ നിന്ന് നഗ്നചിത്രങ്ങള്‍ സ്വീകരിച്ചു. ഇവരുടെ പേര് വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചവരും നിരീക്ഷണത്തിലാണ്. ഇന്നലെ തെങ്ങണയിലെ ഒളിത്താവളത്തില്‍ ഇന്‍സ്‌പെക്ടര്‍ ടോംസണും സംഘവും എത്തുമ്ബോള്‍ വീട്ടമ്മയുടെ മറ്റൊരു ചിത്രം പൂര്‍ണ നഗ്നമാക്കി മോര്‍ഫ് ചെയ്യുന്ന ശ്രമത്തിലായിരുന്നു ഇയാള്‍. പൊലീസിനെ കണ്ടപാടെ ഇത് ഡിലീറ്റ് ചെയ്തു. ചിത്രങ്ങളെല്ലാം വിദഗ്ദ്ധരുടെ സഹായത്തോടെ വീണ്ടെടുത്തു.

ഇതു വല്ലാത്ത ചതി

‘മമ്മീ ‘ എന്ന് വിളിച്ച്‌ തന്നോട് അടുപ്പം കാട്ടിയിരുന്ന, മകന്റെ സുഹൃത്തുകൂടിയായിരുന്ന ജയ്‌മോന്‍ ഇങ്ങനെ ചെയ്യുമെന്ന് വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇയാള്‍ക്ക് പഠന ആവശ്യങ്ങള്‍ക്കും മറ്റും പലപ്പോഴും വീട്ടമ്മയും കുടുംബവും സഹായം ചെയ്തിരുന്നു. നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് ശേഖരിച്ചിരുന്ന പണം മദ്യപാനത്തിനാണ് ജയ് മോന്‍ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *