കുട്ടികളുടെ ഇഷ്ട്ട കഥാപാത്രമാണല്ലോ സ്‌പൈഡർമാൻ. എട്ടുകാലിയുടെ കടിയേറ്റ് അമാനുഷിക ശക്തി കൈവരിച്ച പീറ്റർ പാർക്കറിനെ ആരാധനയോടെ കണ്ടവരാകും നമ്മിൽ പലരും. എട്ടുകാലിയെകൊണ്ട് കടിപ്പിച്ച് സ്‌പൈഡർമാൻ ആകാൻ ശ്രമം നടത്തിയ ബാല്യമൊന്നും അതിവേഗം മറക്കാൻ സാധ്യതയില്ല. നിഷ്കളങ്ക ബാല്യത്തിന്റെ പ്രായം പിന്നിട്ടതോടെ സ്‌പൈഡർമാൻ വെറും കഥയാണെന്ന തിരിച്ചറിവ് ചെറുതെങ്കിലും നിങ്ങളുടെ മനസിനെ നെ വേദനിപ്പിച്ചിട്ടുണ്ടാകും.
ലോകത്താകമാനം 112 കുടുംബങ്ങളിലായി 3924 ജനുസിൽ ഏതാണ്ട് 44540 സ്പീഷിസ് ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 67 കുടുംബങ്ങളിലായി 2299 സ്പീഷിസുകളെ തെക്കെ ഏഷ്യയിൽ നിന്നും, ഇന്ത്യയിൽ 59 കുടുംബങ്ങളിലായി 1442 സ്പീഷിസുകളെയും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പല വർണ്ണത്തിലും രൂപത്തിലും കാണപ്പെടുന്ന ചിലന്തികൾ വളരെ വൈവിധ്യം നിറഞ്ഞ ജീവി വംശമാണ്. ഈ ചിലന്തികൾ എല്ലാം ഒരു പോലെ അപകടകാരികൾ അല്ല. എന്നാൽ ഉഗ്ര വിഷമുള്ള ചിലന്തികളും അവയ്ക്കൊപ്പം ഉണ്ട്. ചിലന്തികളുടെ സംഹാരശേഷി കൂടുതലുള്ള വിഷം മരണകാരണം ആവാനും സാധ്യതയുണ്ട്. പലപ്പോഴും ചിലന്തി കടിയേറ്റാൽ അതിന്റെ വിഷം മൂലമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ വേഗത്തിൽ പ്രകടമാകണം എന്നില്ല. അതിനാൽ തന്നെ പലപ്പോഴും വിഷത്തെ പ്രതിരോധിക്കുന്നതിൽ കാലതാമസം ഉണ്ടാവാറുണ്ട്. ഇത് അപകടത്തിന് വഴിവച്ചേക്കാം. വിഷത്തിന്റെ കാഠിന്യം അനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾ എടുത്ത് വരെ പ്രകടമായെന്നും വരും.
ദേഹം മുഴുവൻ വലിയ തളർച്ച അനുഭവപ്പെട്ടേക്കാം. മാത്രമല്ല, വേദന, കഠിനമായ ചൂട്, മോഹാലാസ്യം, പനി, കടിച്ച ഭാഗത്തു ചുറ്റിലും ചൊറിച്ചിലും വീർത്ത് തടിക്കലുമെല്ലാം ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ്. ആരംഭത്തിൽ തന്നെ മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ ചികിൽസിച്ച് ഭേദമാക്കാൻ കഴിയുന്നതാണ് ചിലന്തി വിഷം. എന്നാൽ പലർക്കും ചിലന്തി കടിച്ചതാണ് കാരണം എന്ന് മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.ചിലന്തി കടിയേറ്റാൽ ഉടൻ ആ ഭാഗത്തെ രക്തം എടുത്ത് കളയണം. കടിയേറ്റ ഭാഗത്ത് തുളസിയിലയും മഞ്ഞളും അരച്ചു പുരട്ടാം. നറുനീണ്ടിയും നീലയമരിവേരും അരച്ചുകുടിക്കുന്നതും ധാരചെയ്യുന്നതും ഗുണം ചെയ്യും. കുറച്ച് ദിവസത്തേക്ക് മീൻ ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ മാറ്റി നിർത്താനും ശ്രദ്ധിക്കണം. ഇത് വിഷബാധയുടെ കാഠിന്യം കുവാണെങ്കിൽ മാത്രം വീട്ടിൽ തന്നെ ചെയ്യാവുന്ന പൊടി കൈകളാണ്. എന്നാൽ പ്രശ്നം ഗുരുതരമാണെന്ന് തോന്നിയാൽ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടുന്നതിൽ കാലതാമസം വരുത്തരുത്.