ബെയ്ജിങ്: അഫ്ഗാനിസ്ഥാനിലെ സ്ഥിതി മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും എല്ലാ രാജ്യങ്ങളും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും ആവശ്യവുമായി ചൈന. യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ തലയുയര്‍ത്തുന്നതിന് കാരണമാകുമെന്നും ചൈന വ്യക്തമാക്കി. അഫ്ഗാനിലെ ചൈനീസ് സ്ഥാനപതി താലിബാന്‍ നേതാക്കളുമായി കഴിഞ്ഞ ദിവസം നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ചൈനയുടെ നീക്കം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരുവരും ടെലഫോണില്‍ ചര്‍ച്ച ചെയ്തത്. അഫ്ഗാനിസ്ഥാന്ന് അടിയന്തിരമായി ആവശ്യമായ സാമ്ബത്തികവും മാനുഷികവുമായ സഹായം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കുന്നത് അനിവാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവ്രവാദ ശക്തികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ അഫ്ഗാന്‍ യുദ്ധത്തിന് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് മുന്നിലുള്ളതെന്നും യുഎസ്-നാറ്റോ സഖ്യത്തിന്റെ പിന്‍മാറ്റം അഫ്ഗാനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകാന്‍ കാരണമാകുമെന്നും വാങ് യി പറഞ്ഞു.