ഇനി ലക്ഷ്യം സൂര്യന്‍; ആദിത്യ ഒരുങ്ങുന്നു, പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

August 24, 2023
29
Views

ഐഎസ്‌ആര്‍ഒയുടെ ആദ്യ സൂര്യ പര്യേവേഷണ ദൗത്യമായ ആദിത്യ-എല്‍-1 ദൗത്യം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒയുടെ ആദ്യ സൂര്യ പര്യേവേഷണ ദൗത്യമായ ആദിത്യ-എല്‍-1 ദൗത്യം ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചന്ദ്രയാന്‍ 3ന്റെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ ആദ്യവാരം ആദിത്യ വിക്ഷേപിക്കുമെന്നും ശ്രീഹരിക്കോട്ടയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥും വ്യക്തമാക്കി.

സൂര്യനെ കുറിച്ച്‌ പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന്‍ പോയിന്റ് 1 (Lagrangian Point 1- L1) ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക.

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറും ( വിക്രം) റോവറും (പ്രഗ്യാന്‍) ഉള്‍പ്പെടുന്ന ലാന്‍ഡിങ് മോഡ്യൂള്‍ ഇന്ന് വൈകീട്ട് 6.04ന് ആണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയത്. ഇതോടെ ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ അഭിമാന നേട്ടവുമായി പട്ടികയില്‍ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യത്തെ രാജ്യം എന്ന ഖ്യാതിയും ഇന്ത്യയെ തേടിയെത്തി.

ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിം പെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാന്‍ഡിങ് നടന്നത്. വൈകിട്ട് 5.47 മുതലാണ് ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിച്ചത്. മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോഴാണ് സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള നടപടികള്‍ ആരംഭിച്ചത്. രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു.

രണ്ടു ദ്രവ എന്‍ജിന്‍ 11 മിനിറ്റ് തുടര്‍ച്ചയായി ജ്വലിപ്പിച്ചാണ് റഫ് ബ്രേക്കിങ് ഘട്ടം പൂര്‍ത്തീകരിച്ചത്. ഇതോടെ നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റര്‍ അടുത്തെത്തി. തുടര്‍ന്ന് മൂന്നു മിനിറ്റുള്ള ഫൈന്‍ ബ്രേക്കിങ് ഘട്ടത്തിനൊടുവില്‍ ചരിഞ്ഞെത്തിയ പേടകത്തെ കുത്തനെയാക്കി. 800 മീറ്റര്‍ മുകളില്‍നിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാന്‍ഡര്‍ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാന്‍ഡിങ്ങിന് നീങ്ങുകയായിരുന്നു.

സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം ‘ഉദ്വേഗജനക’മായിരുന്നു. പൂര്‍ണമായും സ്വയം നിയന്ത്രിത സംവിധാനത്തിലായിയിരുന്നു പേടകം പ്രവര്‍ത്തിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *