ന്യൂ ഡെൽഹി: വാണിജ്യ ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ച് എണ്ണകമ്പനികൾ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു ഇത്. ഫെബ്രുവരി ഒന്നു മുതലാണ് പുതുക്കിയ വില നിലവിൽ വരുക.
നിലവിൽ ഡെൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന് 1,907 രൂപയാണ് വില. അതേസമയം, സബ്സിഡിയില്ലാത്ത (14.2 കിലോഗ്രാം) ഇൻഡെയ്ൻ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില ഡെൽഹിയിൽ 899.50 രൂപയാണ്. കൊൽക്കത്തയിൽ ഇത് 926 രൂപയാണ്.
അഞ്ച് കിലോ, 10 കിലോ കോമ്പോസിറ്റ്, അഞ്ച് കിലോ കോമ്പോസിറ്റ് ഭാരമുള്ള മറ്റ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ മാസവും പാചകവാതക നിരക്ക് പരിഷ്കരിക്കാറുണ്ട്.
2021 ഡിസംബർ ഒന്നിന് 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 100 രൂപ കൂട്ടി രാജ്യതലസ്ഥാനത്ത് 2,101 രൂപയാക്കിയിരുന്നു. വാണിജ്യ സിലിണ്ടറിന് 2012-13ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. 2,200 രൂപയായിരുന്നു അന്നത്തെ നിരക്ക്.
2022 ജനുവരി ഒന്നിന് എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 102.50 രൂപ കുറച്ചിരുന്നു.