കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. പണം നൽകാതെ ആറ് കാറുകൾ തട്ടിയെടുത്തെന്നാണ് കേസ്. ബംഗലൂരു സ്വദേശിയായ വ്യാപാരിയുടെ പരാതിയിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. പുരാവസ്തു തട്ടിപ്പിനൊപ്പം പീഡന പരാതിയലും മോൻസൺ പ്രതിയാണ്.
മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുകയാണ്. എന്നാൽ ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെവഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീട്ടിയിരിക്കുകയാണ്. സസ്പെൻഷൻ കാലാവധി നാല് മാസം കൂടിയാണ് നീട്ടിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീരുമാനം.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ കാലാവധി 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വീണ്ടും അവലോകന സമിതി ചേര്‍ന്നത്.