ന്യൂ ഡെൽഹി: ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആസ്ട്രേലിയയിൽ പ്രവേശനാനുമതി. അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയന്‍ സര്‍ക്കാര്‍ കോവാക്സിനും ഉള്‍പ്പെടുത്തി. ബെയ്ജിങ്ങിലെ സിനോഫാമിന്‍റെ വാക്സിനും ആസ്ട്രേലിയൻ ഫാർമ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടി.ജി.എ) അംഗീകാരം നൽകി.
കോവാക്സിൻ സ്വീകരിച്ച, 12 വയസിന് മുകളിലുള്ളവര്‍ക്കും ബി.ബി.ഐ.ബി.പി കോർവ് സ്വീകരിച്ച 18നും 60നും ഇടയിൽ പ്രായമുള്ളവര്‍ക്കുമാണ് ആസ്ട്രേലിയയിലേക്ക് പ്രവേശനാനുമതി. ആസ്ട്രേലിയിൽ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഈ തീരുമാനം ഉപകാരപ്രദമാകും. അതേസമയം, കൊറോണ വാക്സിൻ സ്വീകരിക്കാത്തവര്‍ കര്‍ശനമായ ക്വാറന്‍റീൻ നിബന്ധനകള്‍ പാലിക്കണം.
കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണ്ടിവരും. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് സ്വീകരിച്ചവര്‍ക്ക് കഴിഞ്ഞമാസം ആസ്ട്രേലിയ യാത്രാനുമതി നല്‍കിയിരുന്നു. ഒമാൻ ഭരണകൂടവും കോവാക്സിന് അനുമതി നൽകിയിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നതിനായി ഭാരത് ബയോടെക്കിൽനിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.