കോവിഡ് JN.1 വകഭേദം: അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ പുതിയ വൈറസ് വ്യാപനം

November 25, 2023
24
Views

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ലോകം പതുക്കെ കരകയറി വരുന്ന സമയമാണ് ഇത്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ലോകം പതുക്കെ കരകയറി വരുന്ന സമയമാണ് ഇത്. വൈറസിനെ പൂര്‍ണ്ണ തോതില്‍ ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മനുഷ്യന്റെ പ്രതിരോധ ശേഷിക്ക് കോവിഡ് വൈറസുകളെ അതിജീവിക്കാന്‍ സാധിക്കുന്നു.

എന്നാല്‍ ഇതിനിടയിലാണ് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

പുതിയ വൈറസ് വ്യാപനത്തെക്കുറിച്ച്‌ ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്ന ആശങ്കയും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത് സെപ്റ്റംബര്‍ മാസം ആദ്യമാണ്. യു എസ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്.BA. 2.86 വക ഭേദത്തില്‍ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021 ലെ കോവിഡ് വ്യാപനത്തില്‍ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതില്‍ മരണത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉണ്ടായതാണ് പിറോള എന്ന് അറിയപ്പെടുന്ന BA. 2.86. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

SARS-CoV-2 വൈറസുകളുടെ 0.1 ശതമാനത്തില്‍ താഴെയാണ് പുതിയ വകഭേദം വരുന്നതെന്നും അതിനാല്‍ വലിയ ഭീഷണിയല്ലെന്നും സിഡിസി പറയുന്നു. രോഗത്തിനെതിരെയുള്ള സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം, JN.1 സ്ട്രെയിനിന്റെ കാര്യത്തില്‍ നിലവിലുള്ള വാക്സിനുകള്‍ക്ക് കാര്യമായ പ്രയോജനം ഉണ്ടായേക്കില്ല. എന്നാല്‍ 2023-2024 ല്‍ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകള്‍ BA. 2.86 നും എതിരെ പ്രവര്‍ത്തിച്ചതിനാല്‍ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“വൈറസുകള്‍ കാലക്രമേണ നിരന്തരം പരിണമിക്കുകയും പുതിയ വകഭേദങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. കോവിഡ്-19 ഉള്ളിടത്തോളം കാലം നമുക്ക് പുതിയ വകഭേദങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്സംബര്‍ഗില്‍ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്.” എന്നും റിപ്പോര്‍ട്ട് പറയുന്നു.

BA. 2.86 വകഭേദത്തിന്റെ അതേ ലക്ഷണങ്ങള്‍ തന്നെയാണ് JN.1 നും ഉള്ളതെന്ന് സിഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. പനി, വിറയല്‍, ചുമ , ശ്വാസംമുട്ടല്‍, ക്ഷീണം, ശരീര വേദന, തലവേദന, രുചിയും മണവും നഷ്ടപ്പെടുക, തൊണ്ട വേദന, മൂക്കടപ്പ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയായിരിക്കും പുതിയ വകഭേദത്തിന്റെയും രോഗലക്ഷണം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *