രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഒന്നരലക്ഷത്തിനടുത്തെത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 1,41,986 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 285 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 9.28 ശതമാനം ആണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. ഡൽഹിയിലും കർണാടകയിലും പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ തുടരുകയാണ്.
അതിനിടെ രാജ്യത്തെ ഒമിക്രോൺ കേസുകൾ 3,071 ആയി. ഏറ്റവുമധികം കേസുകൾ മഹാരാഷ്ട്രയിലാണ്. 876 പേർക്ക് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഡൽഹിയിൽ 513 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിൽ 200ലധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലികൾക്കും സമരങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി.
സംസ്ഥാനത്തെ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഇപ്പോൾ ആലോചനയിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പൂർണമായ നിയന്ത്രണം ജനജീവിതത്തെ ബാധിക്കും. അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഇന്നുമുതൽ ക്വാറൻറീൻ നിർബന്ധമാക്കിയിട്ടുണ്ട്.