ജനീവ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ഭീതിയുയര്‍ത്തിയതോടെ അതിര്‍ത്തികളടച്ച് ലോകരാജ്യങ്ങള്‍. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ എന്നീ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി.
ഒട്ടേറെതവണ മ്യൂട്ടേഷന്‍ സംഭവിച്ച കൊവിഡ് വകഭേദമാണ് ഒമിക്രോണ്‍. മനുഷ്യനിലെ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും അതിവേഗം പടരാനും പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒമിക്രോണ്‍ വേരിയന്റ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയും പ്രഖ്യാപിച്ചു. നിലവിലുള്ള വാക്‌സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.