ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയത്തുടര്‍ച്ചയ്‌ക്കായി ഇന്ത്യ ഇറങ്ങുന്നു.
മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയത്തുടര്‍ച്ചയ്‌ക്കായി ഇന്ത്യ ഇറങ്ങുന്നു. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.
തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ സെമി ഫൈനലിന്റെ പടിവാതിലിലാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്നു ജയിച്ചാല്‍ ഇന്ത്യക്കു സെമി ഉറപ്പാക്കാം. ഇന്ത്യയുടെ അടുത്ത മത്സരം അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 12 നു ഹോളണ്ടിനെതിരേയുമാണ്. മുന്‍ ചാമ്ബ്യനായ ശ്രീലങ്കയ്‌ക്ക് ഇൗ ലോകകപ്പില്‍ ആകെ രണ്ട് ജയമാണു കുറിക്കാനായത്. നാലു തോല്‍വികള്‍ ഏറ്റുവാങ്ങിയ അവര്‍ ഏഴാം സ്‌ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാന്‍ ലങ്കയെ അട്ടിമറിച്ചിരുന്നു.
വാങ്കഡെ സ്‌റ്റേഡിയം ബാറ്റര്‍മാരുടെ സ്വര്‍ഗമാണ്. താരതമ്യേന ചെറിയ ബൗണ്ടറി ലൈനുകള്‍ ടോസ് നേടുന്ന ടീമിനെ ആദ്യം ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കും. ദക്ഷിണാഫ്രിക്ക ഇവിടെ രണ്ട് മത്സരങ്ങളിലും തകര്‍ത്തടിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 399 റണ്ണെടുത്ത അവര്‍ അടുത്ത മത്സരത്തില്‍ 382 വരെയെത്തി. പിന്തുടര്‍ന്നു ബാറ്റ് ചെയ്യുന്നവരെയും വാങ്കഡെ സ്‌റ്റേഡിയം നിരാശപ്പെടുത്താറില്ല. ഇവിടെ നടന്ന 31 ഏകദിനങ്ങളില്‍ 15 എണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്‌തവരാണു ജയിച്ചത്. ഒന്നാം ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 243 റണ്ണും രണ്ടാം ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 201 റണ്ണുമാണ്. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക നേടിയ 438 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍.
പരുക്കിന്റെ പിടിയില്‍നിന്നു മോചിതനായെങ്കിലും ഒാള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നു കളിക്കില്ലെന്നാണു സൂചന. കഴിഞ്ഞ ദിവസം കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തും. അഫ്‌ഗാനോട് ഏഴ് വിക്കറ്റിനു തോറ്റ ലങ്ക ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. ഹോളണ്ട്, ഇംഗ്‌ളണ്ട് ടീമുകളോടു മാത്രമാണ് അവര്‍ ജയിച്ചത്.
ലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ 98 ജയങ്ങള്‍ കുറിക്കാന്‍ ഇന്ത്യക്കായി. 57 ജയങ്ങളാണു ലങ്ക കുറിച്ചത്. ഒരു മത്സരം ടൈയായി. 11 മത്സരങ്ങള്‍ ഉപേക്ഷിച്ചു. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണു ലങ്ക ജയിച്ചത്. 2021 ജൂലൈ 23 നായിരുന്നു ലങ്കയുടെ ഏക ജയം. ഇൗ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ മിക്കതിലും ഇന്ത്യ ആധികാരികമായാണു ജയിച്ചത്. തിരുവനന്തപുരത്തു നടന്ന ജനുവരി 15 നു നടന്ന മത്സരത്തില്‍ 317 റണ്ണിനാണ് അവര്‍ ജയിച്ചത്. കൊളംബോയില്‍ സെപ്‌റ്റംബര്‍ 17 നു നടന്ന ഏകദിനത്തില്‍ ഇന്ത്യ പത്തു വിക്കറ്റിനാണു ജയിച്ചത്.
ടീം: ഇന്ത്യ – രോഹിത് ശര്‍മ (നായകന്‍), ശുഭ്‌മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ, ഹാര്‍ദിക് പാണ്ഡ്യ.
ടീം: ശ്രീലങ്ക- പാതും നിസങ്ക, ദിമുത് കരുണരത്‌നെ, കുശല്‍ മെന്‍ഡിസ് (നായകന്‍), സദീര സമരവിക്രമെ, ചരിത അസാലങ്ക, ധനഞ്‌ജയ ഡി സില്‍വ, എയ്‌ഞ്ചലോ മാത്യൂസ്, ദുഷ്‌മന്ത ചാമീര, മഹീഷ തീക്ഷ്‌ണ, കാസുന്‍ രജിത, ദില്‍ഷന്‍ മധുശനകെ, ചാമിക കരുണരത്‌നെ, ദുനിത് വല്ലലാഗെ, ദുഷന്‍ ഹേമന്ത, കുശല്‍ പെരേര.