ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ

November 24, 2021
205
Views

ന്യൂ ഡെൽഹി: രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതു സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.

ചിലഭേദഗതികളോടെയാകും ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജറ്റൽ കറൻസി ബില്ല് അവതരിപ്പിച്ചേക്കുക. 29 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൽ പരിഗണനക്ക് വരുന്നത്.

സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതോടൊപ്പം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും അതിന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ മാറ്റംവരുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി സംബന്ധിച്ചും വിശദമായ ചട്ടക്കൂട് ബില്ലിലുണ്ടാകും.

ബില്ല് അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പ്രധാന ക്രിപ്റ്റോകറൻസികളുടെ മൂല്യം 15ശതമാനത്തിലേറെ ഇടിഞ്ഞു. ബിറ്റ്കോയിൻ 18.53ശതമാനവും ഈഥേറിയം 15.58ശതമാനവും ടെതർ 18.29ശതമാനവുമാണ് താഴെപോയത്.

ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുനടന്ന ആദ്യ പാർലമെന്ററി സമിതിയോഗം കഴിഞ്ഞ് ഒരാഴ്ചക്കുശേഷമാണ് ഇതുസംബന്ധിച്ച ബിൽ പരിഗണനക്ക് വരുന്നത്. ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്നും നിയന്ത്രിക്കുകയാണ് വേണ്ടതെന്നും യോഗത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

ക്രിപ്റ്റോ എക്സ്ചേഞ്ച്, ബ്ലോക്ക് ചെയിൻ ആൻഡ് ക്രിപ്റ്റോ അസറ്റ് കൗൺസിൽ തുടങ്ങിയവയിലെ പ്രതിനിധികളുമായി ബിജെപി എം.പി ജയന്ത് സിൻഹയുമായി നവംബർ 16ന് കൂടിക്കാഴ്ച നടത്തുകയുംചെയ്തിരുന്നു. പ്രധാനമന്ത്രി നരേദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങളിലെയും ആർബിഐയിലെയും ഉദ്യോഗസ്ഥരുമായി ഉന്നതതലയോഗവും നടന്നു.

രാജ്യത്തെ ക്രിപ്റ്റോകറൻസി ഇടപാടുകളിലെ വളർച്ചയെക്കുറിച്ച് ആർബിഐയും സെബിയും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മധ്യഅമേരിക്കൻ രാജ്യമായ എൽ സാൽവദോർമാത്രമാണ് നിലവിൽ ക്രിപ്റ്റോകറൻസിക്ക് നിയമസാധുത നൽകിയിട്ടുള്ളത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *