മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും; മണിക്കൂറില്‍ 110 കി.മീ. വേഗം

December 5, 2023
23
Views

മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ ഡിവിസീമയ്ക്കും ബപട്‌ലയ്ക്കുമിടയില്‍ ഇന്ന് ഉച്ചയോടെ കര തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ ഡിവിസീമയ്ക്കും ബപട്‌ലയ്ക്കുമിടയില്‍ ഇന്ന് ഉച്ചയോടെ കര തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. റണ്‍വേ വെള്ളക്കെട്ടില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നുരാവിലെ 9 വരെ നിര്‍ത്തിവച്ചു.

അഞ്ച് പതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും വലിയ പേമാരിയില്‍ ചെന്നൈ നഗരം വൻ ജലാശയമായി മാറി. കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ തുടങ്ങിയ സമീപ ജില്ലകളിലും ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുള്‍പ്പെടെ 5 പേര്‍ മരിച്ചു. ആയിരത്തിലേറെ പേരെ ക്യാംപുകളിലേക്കു മാറ്റി. ഇന്നലെ ഉച്ചവരെ 34 സെമീ മഴയാണ് ചെന്നൈ നഗരത്തില്‍ പെയ്തത്. 2015 ലെ പ്രളയത്തിന് ഇടയാക്കിയത് 33 സെമീ മഴയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് റോഡില്‍ കാനത്തൂരില്‍ പുതുതായി നിര്‍മിച്ച മതില്‍ കാറ്റില്‍ തകര്‍ന്നുവീണാണ് രണ്ടുപേര്‍ മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കുണ്ട്. ഝാര്‍ഖണ്ഡ് സ്വദേശികളായ ശൈഖ് അഫ്രാജ്, മുഹമ്മദ് തൗഫീഖ് എന്നിവരാണ് മരിച്ചത്. വേളാച്ചേരിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു.

കനത്തമഴയുണ്ടാവുമെന്ന മുന്നറിയിപ്പ് 10 ദിവസം മുമ്ബുതന്നെ ലഭിച്ചിരുന്നെങ്കിലും കുറഞ്ഞസമയംകൊണ്ട് പ്രതീക്ഷിച്ചതിലും വലിയമഴ പെയ്തതോടെ അധികൃതരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പ്രളയജലം നീക്കംചെയ്യുന്നതിന് കോടികള്‍ മുടക്കി തമിഴ്‌നാട് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ നിഷ്‌ഫലമാക്കിക്കൊണ്ട് നേരംവെളുക്കുമ്ബോഴേക്കും നഗരം വെള്ളത്തില്‍ മുങ്ങി. നഗരപാതകളിലെല്ലാം മൂന്നടിയിലേറെ ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. അപകടമൊഴിവാക്കുന്നിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിര്‍ത്തിവെച്ചിരുന്നു. അതോടെ, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും തടസ്സപ്പെട്ട് ജനങ്ങള്‍ ഒറ്റെപ്പെട്ടു.

വ്യാസര്‍പാടിക്കും ബേസിൻ ബ്രിഡ്ജിനുമിടയില്‍ പാളത്തില്‍ അപകടകരമായ തോതില്‍ വെള്ളം പൊങ്ങിയതുകാരണം ചെന്നൈയില്‍നിന്നുള്ള തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. ചെന്നൈയിലെ സബര്‍ബൻ വണ്ടികളും സര്‍വീസ് നടത്തിയില്ല. യാത്രക്കാരുടെ സൗകര്യത്തിനായി ഒരുമണിക്കൂര്‍ ഇടവിട്ട് പ്രത്യേക പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കുമെന്നുപറഞ്ഞിരുന്നെങ്കിലും പലയിടത്തും അതും മുടങ്ങി. മെട്രോസര്‍വീസുകള്‍ റദ്ദാക്കിയില്ലെങ്കിലും സ്റ്റേഷനുകളില്‍ വെള്ളക്കെട്ടുണ്ടായത് യാത്രക്കാരെ വലച്ചു.

സ്വകാര്യസ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും ചൊവ്വാഴ്ചയും അവധിയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *